യുവേഫ നാഷന്‍സ് ലീഗില്‍ സ്പാനിഷ് വിജയഗാഥ

യുവേഫ നാഷന്‍സ് ലീഗില്‍ സ്പാനിഷ് വിജയഗാഥ

ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4ന് ക്രൊയേഷ്യയെ പരാജയപ്പെടുത്തി. നാഷന്‍സ് ലീഗില്‍ സ്‌പെയിനിന്റെ കന്നിക്കിരീട നേട്ടം

റോട്ടര്‍ഡാം: ഫൈനലില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി യുവേവ നാഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കി സ്‌പെയിന്‍. നിശ്ചിത സമയത്തും അധികസമയത്തും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് സ്‌പെയിന്‍ വിജയത്തിലേക്കെത്തിയത്. കിരീട നേട്ടത്തോടു കൂടി ഫ്രാന്‍സിനുശേഷം ലോകകപ്പും യൂറോ കപ്പും നാഷന്‍സ് ലീഗും നേടുന്ന രണ്ടാമത്തെ ടീമായി സ്‌പെയിന്‍. 2021ലായിരുന്നു ഫ്രാന്‍സിന്റെ നേട്ടം. 2012 യൂറോകപ്പിന് ശേഷം സ്‌പെയിനിന്റെ ആദ്യ രാജ്യാന്തര കിരീട നേട്ടമാണിത്. അതേ സമയം നിര്‍ഭാഗ്യം വീണ്ടും വേട്ടയാടിയപ്പോള്‍ ഒരു രാജ്യാന്തര കിരീട നേട്ടത്തോടുകൂടി സുവര്‍ണ തലമുറക്ക് പടിയിറങ്ങാമെന്ന ക്രൊയേഷ്യയുടേയുംസൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിന്റേയും മോഹമാണ് പൊലിഞ്ഞത്
ഇരു ടീമുകളുടേയും ഗോളികള്‍ പാറപോലെ ഉറച്ചു നിന്ന മത്സരത്തില്‍ ഗോളിലേക്കുള്ള വഴികള്‍ അടഞ്ഞുനിന്നു.

സ്‌പെയിനായി ഉനായ് സിമോണും ക്രൊയേഷ്യക്കായി ലിവാക്കോവിച്ചും ഗോള്‍ പോസ്റ്റിന് മുന്നില്‍ കോട്ട കെട്ടി. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതോന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടേയും ആദ്യത്തെ മൂന്ന് കിക്കുകള്‍ ലക്ഷ്യംകണ്ടു. എന്നാല്‍ നാലാം കിക്കെടുത്ത് ക്രൊയേഷ്യയുടെ ലോവ്‌റോയ്ക്ക് പിഴച്ചു. ഉനായ് സിമോണിന്റെ തകര്‍പ്പന്‍ സേവിലൂടെ മത്സരത്തില്‍ സ്‌പെയിനിന് മുന്‍തൂക്കം ലഭിച്ചു. എന്നാല്‍ സ്‌പെയ്‌നിന്റെ നാലാം കിക്ക് പിഴച്ചു. അയ്‌മെറിക് ലാപോര്‍ട്ടയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടി പുറേത്തക്ക് തെറിച്ചു. ഇതോടെ ഇരു ടീമുകളുടേയും അവസാന കിക്ക് നിര്‍ണായകമായി. ക്രൊയേഷ്യുടെ അവസാന കിക്കെടുത്ത പെട്‌കോവിച്ചിന്റെ ഷോട്ടും ഉനായ് സിമോണ്‍ തടഞ്ഞു. സ്‌പെയിനിന്റെ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ച് കാര്‍വഹാല്‍ സ്‌പെയിനിനെ ആദ്യ യുവേഫ നാഷന്‍സ് ലീഗ് കിരീടമെന്ന നേട്ടത്തിലേക്കെത്തിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *