തലശ്ശേരി : റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം നടപ്പിലാക്കണമെന്നഭ്യര്‍ത്ഥിച്ച് തലശ്ശേരി വികസന വേദിയുടെ നേതൃത്വത്തില്‍, ഇന്ത്യന്‍ റെയില്‍വേ പാസ്സഞ്ചേഴ്‌സ് ആമ്‌നിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങളുമായി തലശ്ശേരി വികസനവേദി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലുളള പ്രധാന സ്റ്റേഷനുകളില്‍ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിച്ചിട്ടുളള വികസനപ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനായി ഇന്നലെ കണ്ണൂര്‍, തലശ്ശേരി, വടകര സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പത്തംഗ സംഘം തലശ്ശേരി സന്ദര്‍ശിച്ചത്.
വികസന വേദിയുടെ നേതൃത്വത്തില്‍ മുമ്പ് നിവേദനം നല്‍കിയിരുന്നതും ,തുടര്‍ച്ചയായി ഉന്നയിച്ച് കൊണ്ടിരിക്കുന്നതുമായ ആവശ്യങ്ങളായ രണ്ട് പ്ലാറ്റ്‌ഫോമുകളിലും 24 മണിക്കൂര്‍ ടിക്കറ്റ് കൗണ്ടര്‍, പൊട്ടിപ്പൊളിഞ്ഞ റൂഫിങ്ങ് മാറ്റല്‍, റിട്ടയറിങ്ങ് റൂമുകള്‍ തുടങ്ങി പ്രധാന പ്രവര്‍ത്തികള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.ഇരുപ്ലാറ്റ്‌ഫോമുകളിലെയും ശൗചാലയങ്ങളുടെ സൗകര്യംവര്‍ദ്ധിപ്പിക്കും. പുതുതായി ഒരുക്കുന്ന ക്ലോക്ക് റൂം, ടോയ്‌ലറ്റ്‌സ്, എന്നിവ നടത്തിപ്പ്കാരെ കണ്ടെത്തി ഏല്‍പ്പിക്കുന്നത് ആലോചിക്കും, പാര്‍ക്കിങ്ങ് സൗകര്യം വിപുലീകരിക്കും, ലൈറ്റ് സംവിധാനം വര്‍ദ്ധിപ്പിക്കും, സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടവും തിരിച്ച് പോവുന്ന വഴിയും വെവ്വേറെ ആക്കും, പുതിയ ബസ്റ്റാന്റില്‍ നിന്ന് സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്, സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ള സ്ഥലം തലശ്ശേരി നഗരസഭ ഏറ്റെടുത്ത് നല്‍കിയാല്‍ കേരളസര്‍ക്കാരിന് റോഡിനായുള്ള സ്ഥലം പാട്ടത്തിനായി നല്‍കുന്നതിന് റെയില്‍വേ തയ്യാറാവുമെന്നും ക്യഷ്ണദാസ് അറിയിച്ചു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൊത്തം 20 കോടി രൂപയാണ് ചെലവഴിക്കുകയെന്നും, 2023 ഡിസംബര്‍ 31 വരെയുള്ള സമയത്ത് ഒന്നാം ഘട്ട പ്രവര്‍ത്തനവും 2024 ജനുവരി മുതല്‍ രണ്ടാം ഘട്ട പ്രവര്‍ത്തനവും നടത്തുമെന്നും അറിയിച്ചു. റെയില്‍വേ ആമ്‌നിറ്റീസ് കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ, പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇഞ്ചിനീയര്‍, കൊമ്മേഴ്‌സ്യല്‍ ഡപ്യൂട്ടി മാനേജര്‍ , തുടങ്ങിയവരും തലശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസും ഒപ്പമുണ്ടായിരുന്നു. തലശ്ശേരി വികസന വേദി പ്രസിഡന്റ് കെ.വി.ഗോകുല്‍ ദാസ് ,ജനറല്‍ സെക്രട്ടറി സജീവന്‍ മാണിയത്ത്, രക്ഷാധികാരി മേജര്‍ പി.ഗോവിന്ദന്‍, വൈസ് പ്രസിഡന്റ്മാരായ ഇ.എം. അഷറഫ്, ബി.മുഹമ്മദ് കാസിം, ജോ: സെക്രട്ടറി മാരായ ഹാഷിം ആയില്യ ത്ത്, ടി.എം. ദിലീപന്‍ മാസ്റ്റര്‍, ട്രഷറര്‍ സി.പി അഷറഫ്, എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ട്രെയിന്‍ പാസ്സഞ്ചേഴ്‌സിന് വേണ്ടി പ്രസിഡന്റ് സി.പി. ആലപ്പി കേയി, സെക്രട്ടറി ശശി കുമാര്‍ കല്ലിടുംബില്‍, സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന് വേണ്ടി എ.പി. രവീ ന്ദ്രന്‍ എന്നിവരും നിവേദനം നല്‍കി.