മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ പൂജപ്പുര രവി അന്തരിച്ചു. മറയൂരില്‍ മകളുടെ വീട്ടില്‍ വച്ചാണ് മരണം. 86 വയസ് ആയിരുന്നു. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം.
നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയ ജീവിതം ആരംഭിച്ചത്. എസ് എല്‍ പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ് വേദിയിലേക്കുള്ള കടന്നുവരവ്. കലാനിലയം ഡ്രാമാവിഷന്‍ എന്ന പ്രശസ്ത നാടക ട്രൂപ്പിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്.
മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം. മൃതശരീരം തിരുവനന്തപുരം പൂജപ്പുരയിലെ വസതിയില്‍ രാത്രിയോടെ എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ നാളെ തിരുവനന്തപുരത്തു വച്ച് നടത്തുമെന്നാണ് കുടുംബാഗംങ്ങള്‍ അറിയിച്ചിരിക്കുന്നത്.