കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്.എസ്.എൽ.സി.യ്ക്കു മികച്ച വിജയം നേടിയ 68 വിദ്യാർത്ഥികൾക്ക് പുരസ്‌ക്കാരം നൽകുന്നു. ഒക്‌റ്റോബർ 5, ചൊവ്വ ഉച്ചയ്ക്ക് 2.30-ന് ഇരിങ്ങൽ സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.
ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂന്നു റാങ്കുകൾ നിശ്ചയിച്ചാണു സമ്മാനം നല്കുന്നത്. മെഡലും സർട്ടിഫിക്കറ്റും ഉപഹാരവും അടങ്ങുന്നതാണു സമ്മാനങ്ങൾ. ഒന്നാം റാങ്കിനു 10,000 രൂപയും രണ്ടാം റാങ്കിന് 8,000 രൂപയും മൂന്നാം റാങ്കിന് 6,000 രൂപയുമാണു ഉപഹാരം. ഇതിനുപുറമെ, യഥാക്രമം 2,000, 1,500, 1,000 രൂപവീതം സൊസൈറ്റിയംഗങ്ങളുടെ കൾച്ചറൽ സെന്റർ നൽകുന്ന സമ്മാനവുമുണ്ട്.
മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 52 പേർ ഒന്നാം റാങ്കുകാരായി. പത്തുപേർ രണ്ടാം റാങ്കിനും ആറുപേർ മൂന്നാം റാങ്കിനും അർഹരായി. ഏഴുലക്ഷത്തിൽപ്പരം രൂപയാണ് ആകെ സമ്മാനത്തുക. പ്ലസ് ടൂ വിജയികൾക്കുള്ള പാരിതോഷികങ്ങൾ ഈ മാസം 16-നു സമ്മാനിക്കും.