സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുകയാണ്. ഇന്നലെ തീവ്രന്യൂനമര്‍ദമായി മാറിയ ബിപോര്‍ജോയ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറി. നിലവില്‍ പത്ത് കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുന്നത്. ഗുജറാത്തില്‍ നിന്നും രാജസ്ഥാന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് ബിപോര്‍ജോയ് പ്രവേശിച്ചിരുന്നു. ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെ സ്ഥലങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദര്‍ശിക്കും.