ചെറുകിട മാധ്യമങ്ങളെ സംരക്ഷിക്കണം: ജി നാരായണൻകുട്ടി മാസ്റ്റർ

പീപ്പിൾസ് റിവ്യൂ 14ാം വാർഷിക ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങൾ പ്രതിപാദിക്കുകയും നവാഗതരായ എഴുത്തുകാരുടെ രചനകൾക്ക് ഇടം നൽകുകയും ചെയ്യുന്ന ചെറുകിട മാധ്യമങ്ങളെ സംരക്ഷിക്കേണ്ടത് നാടിന്റെയും ഭാഷയുടെയും ഭാവിക്ക് അത്യന്താപേക്ഷിതമാണെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാനും പ്രമുഖ സഹകാരിയുമായ ജി നാരായണൻകുട്ടി മാസ്റ്റർ പറഞ്ഞു. പീപ്പിൾസ് റിവ്യൂ ദിനപത്രത്തിന്റെ 14ാമത് വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൻകിട മാധ്യമങ്ങൾക്ക് കോർപ്പറേറ്റ് കമ്പനികളുടെയും മറ്റും പരസ്യങ്ങൾ ലഭിക്കുമ്പോൾ ചെറുകിട മാധ്യമങ്ങൾക്ക് ഇത് ലഭിക്കുന്നില്ല. പരസ്യവരുമാനം ലഭിക്കാതെ വരുമ്പോൾ ചെറുകിടമാധ്യമങ്ങളുടെ നിലനിൽപ് അപകടത്തിലാണ്. വാർത്തകളുടെ ലോകം വിപുലമായിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ചെറുകിട മാധ്യമങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. സമൂഹത്തിലെ മൂല്യച്യുതികൾക്കെതിരേ പോരാടിയ പാരമ്പര്യമാണ് മലയാള പത്രപ്രവർത്തക ലോകത്തിനുള്ളത്. വാർത്തകൾ സത്യസന്ധമായി ജനങ്ങളിലെത്തിക്കാൻ മാധ്യമപ്രവർത്തകർ ജാഗ്രത പുലർത്തണം. ചെറുകിട മാധ്യമ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പദ്ധതി തയ്യാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പീപ്പൾസ് റിവ്യൂ ചീഫ് എഡിറ്റർ പി.ടി നിസാർ അദ്ധ്യക്ഷം വഹിച്ചു. ലാപിക് മാനേജിങ് ഡയറക്ടർ മുഹമ്മദ് സാദിക്, കേരള ട്രാവൽ സോൺ ചെയർമാൻ & മാനേജിങ് ഡയറക്ടർ വിജയൻ കണ്ണൻ, ജോയ് പ്രസാദ് പുളിക്കൽ, പീപ്പിൾസ് റിവ്യൂ ജനറൽ മാനേജർ പി.കെ ജയചന്ദ്രൻ ആശംസകൾ നേർന്നു. പതിനാലാം വാർഷികാഘോഷം ഡിസംബർ ആദ്യവാരം കോഴിക്കോട്ട് നടക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *