കോഴിക്കോട് : ജനക്ഷേമപദ്ധതികളും വികസനവും നരേന്ദ്ര മോദി സര്‍ക്കാറിന്റെ മുഖമുദ്രയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ് അഭിപ്രായപ്പെട്ടു. നോര്‍ത്ത് നിയോജക മണ്ഡലം ഗുണഭോക്തസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിന്റേത് 60 വര്‍ഷവും അഴിമതി ഭരണമായിരുന്നുവെന്നും അടിസ്ഥാന വികസനത്തിനും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലയിലും ഇന്ത്യ വന്‍ പുരോഗതി നേടിയെന്നും പി. രഘുനാഥ് പറഞ്ഞു. ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള ഭരണാധികാരിയായി മോദി മാറി. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിച്ചു. പാവപ്പെട്ടവന്റെ രക്ഷകനായി മോദി, അഴിമതിമുക്ത ഭരണം രാജ്യത്ത് നടപ്പിലാക്കിയെന്ന് അദേഹം പറഞ്ഞു.
കൗണ്‍സിലര്‍ സരിത പറയ്യേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.രജനീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ നവ്യ ഹരിദാസ്, സംസ്ഥാന സമിതി അംഗം പി. രമണി ഭായ്, ജില്ല സെക്രട്ടറി അനുരാധ തായാട്ട്, നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, കൗണ്‍സിലര്‍മാരായ എന്‍. ശിവപ്രസാദ്, സി.എസ് സത്യഭാമ, എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രവീണ്‍ തളിയില്‍ സ്വാഗതവും, സെക്രട്ടറി കെ. സുശാന്ത് നന്ദിയും പറഞ്ഞു