യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ വിഷയത്തിലും പ്രതികരിക്കുന്ന ബുദ്ധിജീവികള്‍ എവിടെ പോയെന്ന്
കെ. മുരളീധരന്‍ എംപി ചോദിച്ചു. മെഡിക്കല്‍ കോളേജിന് മുന്നില്‍ ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്റെ 27-ാം ദിവസം സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിക്കായി ഹര്‍ഷിന നടത്തുന്ന സമരം കാണുന്നില്ലേ, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് അവരുടെ ശരീരത്തില്‍ കത്രിക അകപ്പെട്ടത്, അഞ്ച് വര്‍ഷം അതിന്റെ ദുരിതം അവര്‍ അനുഭവിച്ചു, ഇതിന് ഉത്തരവാദി സര്‍ക്കാറാണ്.
ആരോഗ്യ വകുപ്പ് മന്ത്രി മാര്‍ച്ച് നാലിന് മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കണം. ഇവിടെ ശസ്ത്രക്രിയകള്‍ക്കിടയില്‍ കത്രികയും പഞ്ഞി കെട്ടുകളും വെച്ചു മറക്കുന്നു, സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ പിഴവുകള്‍ മൂലം പാവപ്പെട്ടവര്‍ ദുരിതം അനുഭവിക്കുമ്പോള്‍ ആരോഗ്യ വകുപ്പിന്റെ വീഴ്ചക്കെതിരെ ഹര്‍ഷിന നടത്തുന്ന സമരത്തിന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഈ സമരത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഈ സമരം വിജയിക്കുമെന്നുംഅദ്ദേഹം പറഞ്ഞു.
സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍,സി. പി വിശ്വനാഥന്‍, ഗിരീഷ് താമരശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുകൂടിയായ ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണന്‍, സര്‍വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ടി. ബാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പത്മിനി ടീച്ചര്‍, ജില്ലാ സെക്രട്ടറി പി.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചു. സമരസമിതി ഭാരവാഹികളായ എം.ടി സേതുമാധവന്‍, എം.വി അബ്ദുല്ലത്തീഫ്, മഹറൂഫ് മണക്കടവ്, ഷൗക്കത്ത് വിരിപ്പില്‍, പി.ടി സന്തോഷ് കുമാര്‍, ബാബു കുനിയില്‍, റാഷിദ് പടനിലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.