ഞാനാണ് ദൈവം!

ഞാനാണ് ദൈവം!

എനിക്ക്,
നീയാരാണെന്നറിയില്ല!
ഞാനാണ്,
വിരൽ ഛേദിക്കപ്പെട്ടവർ-
ഞാനാണ് നിർദയം കൊല്ലപ്പെട്ടവൻ.
(അകലെ നിന്ന്)
എന്നാൽ കൊന്നതു ഞാനല്ല-
അതു എന്റെ സമുദായം തന്നെ
മേലാള സമുദായം!!
ഞാനാണ്,
വിശപ്പടക്കാൻവേണ്ടി
ഒരുപിടി അരിയും ചില്ലറയുമെടുത്തത്,
എടുത്തവൻ, അതു സത്യമാണ്.
പക്ഷെ,
കളവുചെയ്തത് ഞാനല്ല-
എന്റെ ജഠരാഗ്നി-
എന്നാലുമവരെന്നെ
തല്ലിക്കൊന്ന്, പച്ചയായ് ചുട്ടു തിന്നില്ലേ?
അത് മൂഢന്മാരുടെ ലോകം-
സ്വർഗ്ഗ ഗേഹം പണിയുന്നോർ!
അത് വെറും-
അധികാര വർഗ്ഗം – അല്ല മേലാള വർഗ്ഗം
ശുംഭന്മാരുടെ ലോകം!
തീർന്നില്ലിനിയും കഥ!
വിരാടകഥ!
മൂഢന്മാരുടെ ലോകം
സ്വർഗ്ഗ ഗേഹം പണിയുന്നോർ!
കവിപറയുന്നു,
നിന്റെ ക്ലിഷ്ടഭാഷ യറിയില്ലവർക്ക്
എങ്കിലും നിന്റെ സുന്ദര സ്വപ്‌നം
തകർക്കാനവർക്ക് സാധിക്കുമോ?
ഈ പ്രബഞ്ച ചൈതന്യം,
ശാശ്വത സത്യം, സമാധാനം
നിൻ ഹൃദന്തത്തിൽ മാറ്റൊലിക്കൊള്ളുന്നില്ലേ?
എന്നിരുന്നാലും
അവർ നിനക്കു പുഷ്പാർച്ചന നടത്തീടും
നിൻ സമുദായം, കപട സമുദായം..!
ഹാ! നിൻ കണ്ണുകൾ! നിനക്ക് ബുദ്ധിഭ്രമം?
കവി വീണ്ടും,
മകനേ ഇരുട്ടാണീ ഭൂമിയിൽ
കണ്ടില്ലേ, പരുന്തുകൾ വട്ടമിട്ടു പറക്കുന്നൂ?
കണ്ടില്ലേ, കഴുകന്മാർ ‘കൊറോണ’പോൽ
വട്ടമിട്ടു പറക്കുന്നൂ!
മൂളുന്നൂ ഭ്രമര പറ്റങ്ങൾ!
എല്ലാം നിൻ പുഷ്പാർച്ചനയ്ക്കായി
ദിവ്യ പൂജയ്ക്കായ്!
ഹാ! കഷ്ടമെന്നല്ലാതെന്തു ഞാൻ പറയേണ്ടൂ?
ശരി, നീയാണു ദൈവം
നീയാണ് മധു
മധുവെന്ന ദൈവം!

                                     വി.കെ.ബാലകൃഷ്ണൻ നായർ
Share

Leave a Reply

Your email address will not be published. Required fields are marked *