പ്രഭാസ് പ്രധാനവേഷത്തിലെത്തുന്ന രാമായണം പ്രമേയമാകുന്ന ത്രീഡി ചിത്രം ആദിപുരുഷ്’ തിയേറ്ററുകളിലെത്തി. ജയ് വിളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ആടിത്തിമിര്‍ത്തും റിലീസ് ദിനം പ്രഭാസ് ആരാധകര്‍ ആഘോഷമാക്കി. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പലയിടത്തും നാല് മണിക്കുതന്നെ ഫാന്‍ ഷോകളുണ്ടായിരുന്നു. ഫാന്‍ ഷോയ്ക്കായി ആരാധകര്‍ രണ്ടുമണിക്ക് തന്നെ എത്തിച്ചേര്‍ന്നു. കൊടികളും ധോലും ഒക്കെയായാണ് ഇവരെത്തിയത്.
ഇന്ത്യയില്‍ ആദിപുരുഷ് 4000 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന് ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍ നേടാനാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആദിപുരുഷിന്റെ ആദ്യദിന പ്രതികരണങ്ങള്‍ക്കും റിവ്യൂവിനുമായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രാവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആണ്. നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായ ചിത്രീകരിച്ച ചിത്രം തമിഴ്, മലയാളം, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്റെ നാല് ലക്ഷത്തിലധികം ടിക്കറ്റുകള്‍ റിലീസിന് മുമ്പ് തന്നെ വിറ്റഴിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചിലയിടങ്ങളിലെ മള്‍ട്ടിപ്ലക്സില്‍ ആദിപുരുഷിന് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയെന്ന ആരോപണമുണ്ട്.