കേന്ദ്ര സർക്കാരിന്റെ അഭിനന്ദനത്തെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു രമേശൻ പാലേരി

കേന്ദ്ര സർക്കാരിന്റെ അഭിനന്ദനത്തെ ഹൃദയപൂർവ്വം സ്വീകരിക്കുന്നു രമേശൻ പാലേരി

കോഴിക്കോട്: സഹകരണ മേഖലയിലൂടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ രാഷ്ട്ര സേവന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാർ വിലയിരുത്തി, കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷാ നൽകിയ അഭിനന്ദനം ഹൃദയപൂർവ്വം സ്വീകരിക്കുന്നതായി സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു.
1925ൽ നവോത്ഥാന നായകനായ വാഗ്ഭടാനന്ദ ഗുരുദേവൻ സ്ഥാപിച്ച സൊസൈറ്റി, എക്കാലവും ഗുരുദേവന്റെ ആശയങ്ങളിൽ അടിയുറച്ച് നിന്നാണ് മുന്നേറിയത്. ഗുരുദേവൻ മറ്റ് സാമൂഹിക പരിഷ്‌ക്കർത്താക്കളിൽ നിന്ന് വ്യതിരക്തനാവുന്നത് ആശയങ്ങൾ പറഞ്ഞ് പോകാതെ സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ വഴിവെട്ടി തെളിച്ചു എന്നതാണ്.
അന്ധവിശ്വാസം, അനാചാരം, ജന്മിത്വം എന്നിവയെല്ലാം കൊടികൊത്തി വാണിരുന്ന കാലത്ത്, ഒരുഭാഗത്ത് അനീതിക്കെതിരെ പോരാടുകയും മറുഭാഗത്ത് മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പായ തൊഴിൽ സംരക്ഷണത്തിന് മാർഗ്ഗം കണ്ടെത്തുകയുമായിരുന്നു ഗുരുദേവൻ ചെയ്തത്.
സൊസൈറ്റി രൂപീകരണ കാലം മുതൽ പലവിധ വെല്ലുവിളികളെ അതിജീവിച്ചാണ് സംഘം മുന്നോട്ടുപോയത്. നമ്മുടെ പ്രവർത്തികളിൽ കളങ്കമില്ലെങ്കിൽ വളർച്ച സാധ്യമാകുമെന്ന പരമമായ സത്യമാണ് സൊസൈറ്റിയുടെ വളർച്ചയുടെ ചരിത്രം. ലോകം മാറുന്നതിനനുസരിച്ച് സൊസൈറ്റിയും വൈവിധ്യവൽക്കരണത്തിന്റെ വഴികൾ വെട്ടിത്തുറന്നു. ഐടി, ടൂറിസം, കൺസ്ട്രക്ഷൻ, വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ സൊസൈറ്റി വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയാണ് യുഎൽസിസി. കേന്ദ്ര സർക്കാരിന്റെ തലപ്പാടി-ചെങ്ങള ദേശീയ പാത 39 കിലോമീറ്റർ ആരുവറിപാതയാക്കാനുള്ള 1750 കോടി രൂപയുടെ വർക്ക് കരസ്ഥമാക്കാൻ സൊസൈറ്റിക്കായി എന്നത് രാജ്യത്തെ വൻകിട കൺസ്ട്രക്ഷൻ കമ്പനികളിലേക്കുള്ള ചുവടുമാറ്റത്തിന്റെ അടയാളമാണ്.
1500 തൊഴിലാളികൾ, 1000ത്തോളം എഞ്ചിനീയർമാർ, സാങ്കേതിക സംവിധാനങ്ങളെല്ലാം സൊസൈറ്റിയുടെ ഭാഗമാണ്. മറ്റ് കോൺട്രാക്ടർമാർ അവരുടെ വർക്കുകൾ സബ് കൊടുത്ത് ചെയ്യുമ്പോൾ യുഎൽസിസിക്ക് ഇലക്ട്രിക് പ്ലംബിംഗ്, മെക്കാനിക്ക് തുടങ്ങി എല്ലാ വിഭാഗത്തിനും യൂണിറ്റുകളുണ്ട്. ഒരു ഉപവർക്കുകളും പുറം കരാർ കൊടുക്കേണ്ട സാഹചര്യമില്ല.
തൊഴിലാളികളുടെ ക്ഷേമം, സുന്ദരമായ ജീവിതം, അവരുടെ അവകാശങ്ങളെല്ലാം സംരക്ഷിക്കുകയും, മറ്റൊരു ഭാഗത്ത് അഴിമതിക്കെതിരെ നിലപാടെടുക്കുകയും വർക്കുകളുടെ ക്വാളിറ്റിയും ക്വാണ്ടിറ്റിയും മുറുകെ പിടിച്ച് നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ, മറ്റ് നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി വേഗത്തിൽ കൃത്യതയോടെ നിർമ്മിച്ച് രാജ്യം കെട്ടിപ്പടുക്കുന്നതിൽ ഭാഗഭാക്കാകാൻ കഴിയുന്നതിൽ മനംനിറയെ സന്തോഷവും അഭിമാനവുമുണ്ടെന്നദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വിപുലമായ ഒരു തൊഴിലാളി കൂട്ടായ്മ ലോകത്ത് വേറെയില്ല.
യുഎൽസിസി കെട്ടിപ്പടുക്കുന്നത് ഒരു പുതിയ മോഡലാണ്, പുതിയ സംസ്‌കാരമാണ്. മലയാളികൾ തൊഴിലെടുക്കാൻ മടിയന്മാരാണെന്ന ചില നിരീക്ഷണങ്ങൾ തള്ളിക്കളയാൻ യുഎൽസിസിയെ വിലയിരുത്തിയാൽ മതി. ഉന്നത ബിരുദധാരികൾ, എഞ്ചിനീയർമാർ, സാധാരണക്കാർ എന്നിവർക്കെല്ലാം അത്താണിയാണ് സൊസൈറ്റി.
സൊസൈറ്റിയുടെ സേവനം ആഴത്തിൽ മനസ്സിലാക്കാനും, ഞങ്ങളുടെ പങ്ക് കണ്ടെത്തി അഭിനന്ദിച്ചതിലും കേന്ദ്ര സർക്കാരിനോടും വകുപ്പ് മന്ത്രി അമിത്ഷായോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഗുരുദേവന്റെ ദർശനങ്ങളിൽ അടിയുറച്ച് ഭാവിയിലും സഹകരണ രംഗത്തിലൂടെ രാഷ്ട്ര സേവനത്തിന് പുത്തൻ മാതൃകകൾ സൃഷ്ടിക്കുമെന്നദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *