മാന്തോട്ടം ഒരുക്കി, ആടിയും പാടിയും കുരുന്നുകള്‍ ആഗമനം ആഘോഷമാക്കി

മാന്തോട്ടം ഒരുക്കി, ആടിയും പാടിയും കുരുന്നുകള്‍ ആഗമനം ആഘോഷമാക്കി

മാഹി:വിദ്യാലയാങ്കണത്തില്‍ മധുര മാമ്പഴക്കാലം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പള്ളൂര്‍ നോര്‍ത്ത് ഗവ: എല്‍.പി സ്‌കൂളിലെ കൊച്ചു വിദ്യാര്‍ത്ഥികള്‍. പൂര്‍വ്വ അധ്യാപകരുടെ സഹായത്തോടെ സ്‌കൂള്‍ പി.ടി.എ ഒരുക്കിയ മാവിന്‍ തൈകള്‍ നട്ടു കൊണ്ടാണ് അവര്‍ പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമിട്ടത്. രക്ഷിതാക്കള്‍ക്കും ഇത് കൗതുകമായി. മല്ലിക അല്‍ഫോന്‍സ, നീലം സിന്ദൂരം, ബംഗനപ്പള്ളി ഇനത്തില്‍പ്പെട്ട മാവുകളാണ് കുട്ടികള്‍ നട്ടത് .സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ പി.ശശികുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്റെ ചുമതല വഹിക്കുന്ന ടി.പി ഷൈജിത്ത്, പി.ടി.എ അധ്യക്ഷന്‍ സി.സജീന്ദ്രന്‍, പി.ഗീത, യു. ദിസിന, പി.ടി മുഹസിന എന്നിവര്‍ സംസാരിച്ചു.
2013ലെ എസ്.എസ്.എല്‍.സി കൂട്ടായ്മ സ്‌കൂളിന് പോര്‍ട്ടബിള്‍ സൗണ്ട് സിസ്റ്റം സമ്മാനിച്ചു. പള്ളൂരിലെ ബാര്‍കോഡ് ടെക്‌നോളജിയുടെ സഹകരണത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന കാലത്തോളം മാന്തോട്ടത്തിന്റെ പരിപാലനം സ്വയം ഏറ്റെടുക്കുമെന്ന് കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. അവര്‍ ആര്‍ജിക്കുന്ന അറിവിന്റെ പ്രതീകമായി ആ മാവിന്‍ തൈകളും വളരും. തളിരണിഞ്ഞ്, പൂങ്കുല ചൂടി തേന്‍കനികള്‍ വിളയിക്കും. അതോടൊപ്പം അവരുടെ പ്രതീക്ഷകളും പൂവണിയട്ടെയെന്ന് ഉദ്ഘാടകനായ ശശികുമാര്‍ മാസ്റ്റര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *