എംഡിറ്റില്‍ മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 19ന്

എംഡിറ്റില്‍ മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 19ന്

കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എംഡിറ്റ്) 19ന് മെഗാ പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുമെന്ന് എംഡിറ്റ് ചെയര്‍മാന്‍ എം.മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉള്ള്യേരിയിലെ കോളേജ് ക്യാമ്പസില്‍ രാവിലെ 10ന് ആരംഭിക്കുന്ന പ്ലേസ്‌മെന്റ് ഡ്രൈവില്‍ 6ഡി.ടെക്‌നോളജീസ്, പ്രോമിനെന്റ്, അറീന സൊലൂഷ്യന്‍സ്, ഇഴ ഗ്രൂപ്പ്, ഐ-ഗാര്‍ഡ്, യു.എല്‍.സി.സി.എസ്, പി.കെ സ്റ്റീല്‍സ്, ജിതേഷ് പ്രൈവറ്റ് ലിമിറ്റഡ്, പാരിസണ്‍സ്, ഫ്യൂച്ചര്‍ ലാബ്‌സ്, കാഡ് സെന്റര്‍ തുടങ്ങി 15-ഓളം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്.

മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കൊപ്പം തന്നെ കേരളത്തിനകത്തു പ്രവര്‍ത്തിക്കുന്ന മികച്ച പ്രാദേശിക കമ്പനികളും പ്ലേസ്മെന്റ് ഡ്രൈവില്‍ പങ്കെടുക്കുന്നുണ്ട്. പ്രാദേശികമായി ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെക്കൂടി പരിഗണിച്ചാണിത്. എംഡിറ്റ് എന്‍ജിനീയറിംഗ് കോളേജിലെയും, പോളി ടെക്‌നിക്കിലേയും നിലവിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും 2021, 2022 വര്‍ഷങ്ങളില്‍ എംഡിറ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും മെഗാ പ്ലേസ്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

ഇന്‍ഫോസിസ്, ടി.സി.എസ്, 6ഡി ടെക്‌നോളജീസ്, എസ്.എഫ്.ഒ ടെക്‌നോളജീസ്, ആനന്ദ് ഓട്ടോമോട്ടീവ്, അശോക ലൈലന്റ്, ടി.വി.എസ്് തുടങ്ങിയ മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ത്യയ്ക്കകത്തും ബ്രൂണൈയിലും മറ്റും പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുമുള്‍പ്പെടെ 25ല്‍പരം കമ്പനികളില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പ് വരുത്താന്‍ ഇതിനോടകം തന്നെ എംഡിറ്റ് ക്യാമ്പസിലെ പ്ലേസ്‌മെന്റ് സെല്ലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എംഡിറ്റില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ പലരും യു.കെ, കാനഡ, ജര്‍മനി എിവിടങ്ങളില്‍ നിന്നും മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

2012ലാണ് എംഡിറ്റ് എന്ന സഹകരണ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. പഠിച്ചിറങ്ങുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോലി ഉറപ്പ് വരുത്താനും എംഡിറ്റ് എക്കാലത്തും മുന്‍പന്തിയില്‍ നിന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്ലേസ്മെന്റ് സെല്ലിന്റെയും കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്ലിന്റെയും കീഴില്‍ നല്‍കി വരുന്ന പ്ലേസ്മെന്റ് ട്രെയിനിംങ് പ്രോഗാമുകളും, ആഡ് – ഓണ്‍ കോഴ്സുകളുമാണ് വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭ്യമാക്കാനും വിദേശ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ തുടര്‍ പഠനം ലഭ്യമാക്കാനും ഏറെ സഹായകമായിട്ടുള്ളത്.

ബി-ടെക് എന്‍ജിനീയറിംഗ് കോഴ്സുകളായ സിവില്‍, മെക്കാനിക്കല്‍,കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രികല്‍ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ കോഴ്‌സുകളാണ് നിലവിലുള്ളത്. പുതു തലമുറയില്‍ വര്‍ധിച്ചു വരുന്ന അഭിരുചി കണക്കിലെടുത്ത് എം.ഡിറ്റില്‍ ഇ വര്‍ഷം പുതിയ മൂന്ന് കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ( സൈബര്‍ സെക്യൂരിറ്റി), ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നീ കോഴ്‌സുകളാണ് പുതുതായി തുടങ്ങിയിട്ടുള്ളത്. പുതുതായി അനുവദിച്ച കോഴ്‌സുകളിലെ 90 സീറ്റുകള്‍ ഉള്‍പ്പെടെ കംപ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്ക് നിലവില്‍ 150 സീറ്റുകള്‍ എംഡിറ്റിലുണ്ട്.

പൂര്‍ണമായും സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളേജ്, പോളിടെക്‌നിക് കോളേജ്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, സഹകരണ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കരിയര്‍ കൗസിലിംഗ് സെന്റര്‍ എന്നിവ ഉള്‍കൊള്ളുന്ന ടെക്നിക്കല്‍ ക്യാമ്പസാണ് എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഡിറ്റ്). 2500ല്‍ പരം കുട്ടികള്‍ പഠിക്കുന്ന മലബാറിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.

വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.പി.എ മഹീശന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അശോകന്‍.ഒ, എം.ഡിറ്റ് പോളി ടെക്നിക് പ്രിന്‍സിപ്പാള്‍ കെ.ബഷീര്‍, പ്ലേസ്മെന്റ് ഓഫീസര്‍ ജിസി നാലുപുരക്കണ്ടി, അസി. പ്രൊഫ. ദില്‍ജിത്ത് എ.ആര്‍, എംഡിറ്റ് സെക്രട്ടറി ബിനീഷ് കെ.എം എന്നിവരും പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *