മലബാര്‍ മേഖലയോടുള്ള അവഗണനയ്ക്കെതിരേ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്

മലബാര്‍ മേഖലയോടുള്ള അവഗണനയ്ക്കെതിരേ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്

സമര പ്രഖ്യാപന സമ്മേളനം 16ന് മലപ്പുറത്ത്

കോഴിക്കോട്: സംസ്ഥാന ജനസംഖ്യയില്‍ 42 ശതമാനത്തോളം ജനങ്ങള്‍ അധിവസിക്കുന്ന മലബാര്‍ മേഖലയോട് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നതെന്നും ഇതിന് ഫലപ്രദവും ശാശ്വതവുമായ പരിഹാരമുണ്ടാകുന്നതുവരെ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി തുടക്കം കുറിച്ചതായും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘മലബാറിനോടുള്ള മുന്നണികളുടെ അവഗണ യാദൃശ്ചികമല്ല’ എന്ന തലക്കെട്ടില്‍ 16ന് മലപ്പുറത്ത് സമരപ്രഖ്യാപന സമ്മേളനം നടത്തും. വൈകീട്ട് ഏഴിന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി സമരപ്രഖ്യാപനം നടത്തും. സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

സംസ്ഥാനത്തെ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന മലബാറിലെ ആറ് ജില്ലകള്‍ക്ക് ജനസംഖ്യാനുപാതികമായ വികസനം ലഭിച്ചില്ലെന്നത് സ്ഥിതിവിവര കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ആനുപാതികമായി ബജറ്റ് വിഹിതം പോലും അനുവദിക്കുന്നില്ല. കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യരംഗം, താലൂക്കുകള്‍, പഞ്ചായത്തുകള്‍, വില്ലേജുകള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, റെയില്‍വെ, സര്‍വകലാശാലകള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ വരെയുള്ള ഏത് സംവിധാനങ്ങളുടെ കണക്ക് പരിശോധിച്ചാലും ഈ വിവേചനം വ്യക്തമാവും. അയ്യായിരത്തില്‍ പരം ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വന്ദേഭാരത് എസ്‌ക്പ്രസിന് 50 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന മലപ്പുറം ജില്ലയില്‍ ഒരു സ്റ്റോപ്പ് പോലുമില്ല.

മലബാറിനോടുള്ള അവഗണനയും വിവേചനവും സംബന്ധിച്ച് സമഗ്രപഠനം നടത്തി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതിന് നിയമസഭാ സാമാജികരുടെ സംയുക്ത സമിതിയെ നിയോഗിക്കുക, പരിഹാര നടപടികള്‍ ഉറപ്പുവരുന്നതുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, ജനസംഖ്യാനുപാതികമായി റെവന്യൂ-ഭരണ സംവിധാനങ്ങള്‍ വിഭജിക്കുക, മലബാറില്‍ സെക്രട്ടേറിയറ്റ് അനക്സും ഹൈക്കോടതി ബെഞ്ചും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാര്‍ട്ടി പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.

പ്രക്ഷോഭങ്ങളുടെ ഭാഗമായി 23ന് വെള്ളിയാഴ്ച കോഴിക്കോട് ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡി ഓഫീസ് ഉപരോധിക്കും. ഉപരോധ സമരം പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി എന്നിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *