എല്ലാ തലങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണം
കൊച്ചി: ഉദ്യോഗസ്ഥ സംവരണം നാല് ശതമാനം ഉണ്ടായിട്ട് കൂടി ഉയര്‍ന്ന സര്‍ക്കാര്‍ തസ്തികകളില്‍ ലത്തീന്‍ കത്തോലിക്കക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. പോസ്റ്റ് ഗ്രാജുവേഷന്, ഗ്രാജുവേഷന് മേഖലകളില്‍ വിദ്യാഭ്യാസ സംവരണം 1% മാത്രമായി തുടരുന്നത് ഫലത്തില്‍ ഒന്നും ലഭിക്കാത്തതിന് തുല്യമാണ്. ഇ-ഗ്രാന്‍ഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എയ്ഡഡ് കോളേജുകളില്‍ കമ്മ്യൂണിറ്റി കോട്ടയില്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ നല്‍കുന്നില്ല. സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങിയവയില്‍ വിവേചനം നേരിടുന്നു, പിന്നോക്ക ന്യൂനപക്ഷം എന്ന നിലയില്‍ പ്രത്യേക ആനുകൂല്യം വേണം, അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണം, സഹകരണ മേഖലയിലും കരാര്‍ നിയമനങ്ങളിലും സംവരണം ഉറപ്പാക്കണം, വിവിധയിടങ്ങളില്‍ ജനകീയ സമരത്തിന്റെ ഭാഗമായി സമുദായ അംഗങ്ങള്‍ക്കെതിരേ എടുത്തിരിക്കുന്ന കളവായ കേസുകളില്‍ പ്രോസിക്യൂഷന് പിന്‍വലിക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എല്‍.സി.എ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള നിയമസഭാ കമ്മീഷനില്‍ പരാതി നല്കി.
എറണാകുളത്ത് നടന്ന സിറ്റിങ്ങില്‍ നേരിട്ട് എത്തിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷെറി ജെ. തോമസ് ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവരുടെ പേരില്‍ സംയുക്തമായാണ് പരാതി തയ്യാറാക്കിയിട്ടുള്ളത്. കെ.ആര്.എല്‍.സി.സിക്ക് വേണ്ടി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും പരാതി നല്‍കിയിട്ടുണ്ട്.