സെന്തില്‍ ബാലാജി 28 വരെ റിമാന്‍ഡില്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുമെന്ന് ഇ.ഡി

സെന്തില്‍ ബാലാജി 28 വരെ റിമാന്‍ഡില്‍; മെഡിക്കല്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്യുമെന്ന് ഇ.ഡി

  • ആശുപത്രിയില്‍ കേന്ദ്രസേനയെ വിന്യസിച്ചു
  • എയിംസില്‍ നിന്നുള്ള ഡോക്ടര്‍ സംഘത്തെ എത്തിക്കും

ചെന്നൈ: അഴിമതി ആരോപണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബാലാജി ചികിത്സയിലുള്ള ആശുപത്രിയിലെത്തിയാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍, ബാലാജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇ.ഡി സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യം അടുത്ത ദിവസങ്ങളില്‍ മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഇ.ഡി വ്യക്തമാക്കി. ഒമന്‍ഡുരാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വന്‍ സുരക്ഷയാണ് ഇ.ഡി ഒരുക്കിയിരിക്കുന്നത്, ആശുപത്രിയില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും മന്ത്രിയെ പരിശോധിക്കാനെത്തുമെന്ന് ഇ.ഡി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നാടകീയ സംഭവങ്ങളാണ് ആശുപത്രിയില്‍ അരങ്ങേറിയത്. 2011-15 കാലയളവില്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ മെട്രോ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. 2013ല്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. മന്ത്രിയുടെ സഹോദരന്റെ വീട്ടില്‍ ഉള്‍പ്പെടെ കഴിഞ്ഞ മാസം എട്ട് ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ.ഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *