“മലൈക്കോട്ടൈ വാലിബന്‍” ചിത്രീകരണം പൂര്‍ത്തിയായി; ആകാംഷയില്‍ ആരാധകര്‍

“മലൈക്കോട്ടൈ വാലിബന്‍” ചിത്രീകരണം പൂര്‍ത്തിയായി; ആകാംഷയില്‍ ആരാധകര്‍

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘ മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം പൂര്‍ത്തിയായി. 130 ദിവസം നീണ്ടു നിന്ന ചിത്രീകരണ ജോലികള്‍ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്.

ആമേന്‍, ചുരുളി, ജല്ലിക്കെട്ട്, അങ്കമാലി ഡയറീസ് തുടങ്ങി നിരവധി വ്യത്യസ്തവും ഏറെ ജനപ്രീതിയുമാകര്‍ഷിച്ച സിനിമകളുടെ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അടുത്തിടെ മമ്മുട്ടിയെ നായകനാക്കി പുറത്തിറക്കിയ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രവും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

മോഹന്‍ലാലിന്റേതായി സമീപകാലത്തിറങ്ങിയ ചിത്രങ്ങളില്‍ പലതും പ്രതീക്ഷക്കൊത്തുയരാതിരുന്നത് ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മോഹന്‍ലാലിലെ നടനെ ശരിയായ രീതിയില്‍ വീണ്ടും ഉപയോഗിക്കാനും അവതരിപ്പിക്കാനും സാധിക്കുമെന്നാണ് ഇരുവരുടേയും ആരാധകര്‍ വിശ്വസിക്കുന്നത്.

ഏറെ കാത്തിരുന്ന മോഹന്‍ലാല്‍-എല്‍ജെപി കൂട്ടുകെട്ടായതിനാല്‍ തന്നെ സിനിമാ പ്രഖ്യാപനം മുതല്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഉയര്‍ന്ന ബജറ്റിലൊരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്.

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ദൈര്‍ഖ്യം കുറഞ്ഞ ടീസറിനും ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം.

Share

Leave a Reply

Your email address will not be published. Required fields are marked *