ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലസോറിലെ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ബഹനഗ ബസാര്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, ഗേറ്റ് മാന്‍, സിഗ്നലിങ് ഓഫീസര്‍ എന്നിവരടക്കം അഞ്ച് പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒഡീഷ ട്രെയിന്‍ ഒന്‍പത് റെയില്‍വേ ഉദ്യോഗസ്ഥര്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. 100 ഓളം പേരെ സി.ബി.ഐ സംഘം ഇതിനോടകം ചോദ്യം ചെയ്തു. നിലവില്‍ പത്തംഗ സി.ബി.ഐ സംഘം ബാലസോറില്‍ തന്നെ തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ബഹനഗ റെയില്‍വേ സ്റ്റേഷന്‍ തല്‍ക്കാലത്തേക്ക് സീല്‍ ചെയ്തിരിക്കുകയാണ്.
ബാലസോര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ അട്ടിമറി എന്ന സംശയത്തെ തുടര്‍ന്നാണ്, റെയില്‍വേ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന് ശേഷം സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ അട്ടിമറിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഐ.പി.സി ചട്ടം 337, 338, 304A, റെയില്‍വേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. സിഗ്‌നല്‍ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോര്‍ട്ടിലാണ് വിയോജിപ്പ്. സിഗ്നല്‍ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ഡല്‍ എക്സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിന്‍ ലൈനിലേക്കാണ് ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരുന്നതെന്നും വിയോജനകുറിപ്പില്‍ പറയുന്നു.
ജൂണ്‍ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്. അപകടത്തില്‍ 288 പേര്‍ മരിക്കുകയും 1100 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്ന് 51 മണിക്കൂറിന് ശേഷം ഞായറാഴ്ച രാത്രി വൈകിയാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്.