കടല്‍ക്ഷോഭം രൂക്ഷം
അഹ്മദാബാദ്: ബിപോര്‍ജോയ് ഭീതിയില്‍ ഗുജറാത്ത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് നിര്‍ദേശം. ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിദേശ പൗരന്മാരെ ഒഴിപ്പിച്ചു. ഗുജറാത്ത് തീരത്തെ കീ സിംഗപ്പൂര്‍ റിഗ്ഗില്‍ നിന്നാണ് ഒഴിപ്പിക്കല്‍ നടന്നത്. വിദേശികള്‍ ഉള്‍പ്പെടെ അന്‍പത് വരെ കരയ്ക്ക് എത്തിച്ചു.
അടുത്ത രണ്ട് ദിവസത്തേക്ക് ഗുജറാത്തില്‍ നിന്നുള്ള 67 ട്രെയ്നുകള്‍ റദ്ദാക്കി. കച്ച്, ജുനാഗഡ്, പോര്‍ബന്ധര്‍, ദ്വാരക എന്നിവടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.
ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുവെന്നും ഗുജറാത്ത് – പാകിസ്താന് തീരത്തേക്ക് നീങ്ങുന്നുവെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ജൂണ്‍ 14 രാവിലെ വരെ വടക്കുദിശയിയില്‍ സഞ്ചരിച്ച് തുടര്‍ന്ന് ദിശ മാറി സൗരാഷ്ട്ര ആന്‍ഡ് കച്ച് അതിനോട് ചേര്‍ന്നുള്ള പാകിസ്ഥാന് തീരത്ത്, മണ്ഡവി ( ഗുജറാത്ത് ) ക്കും കറാച്ചിക്കും ഇടയില്‍ ജൂണ്‍ 15ന് പരമാവധി 150 കി.മീ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍, കരവ്യോമനാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്.
അതേസമയം, ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ലഭിക്കും. പതിനഞ്ചിന് ചുഴലിക്കാറ്റ് കര തൊടും. കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.