തലശ്ശേരി: വാഹന അപകടത്തില്‍ പരിക്കേറ്റ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവാവ് വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടയില്‍കൈയ്യേറ്റം ചെയ്തു. കാഷ്വാലിറ്റി ഡ്യൂട്ടി ചെയ്തു വന്ന ഡോ. അമൃതാ രാഖിയാണ് കൈയ്യേറ്റത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പാലയാട് സ്വദേശി പഴയ ബേസിക് സ്‌കൂളിനടുത്ത്, കുറുപ്പം കണ്ടി മഹേഷിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാള്‍ക്ക് തുടര്‍ ചികിത്സക്കായി ജെ.എഫ്.സി.എം കോടതി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷംജാമ്യം അനുവദിച്ചു.
ഇന്നലെപുലര്‍ച്ചെ രണ്ടര മണിയോടെയാണ് കൊടുവള്ളിയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് പരുക്കേറ്റ നിലയില്‍-തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ആദ്യം തൊട്ടടുത്ത സഹകരണ ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നേടി. ഇവിടെയും അക്രമാസക്തനായി പെരുമാറിയ ഇയാളെ പിന്നിട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം. കാഷ്വാലിറ്റിയില്‍ കിടത്തി തലയിലെ പരിക്കുകള്‍ പരിശോധിച്ച ഡോക്ടറോട് നെഞ്ചിലാണ് വേദനയെന്ന് അയാള്‍ പറഞ്ഞു. നെഞ്ചിലും വാരി ഭാഗത്തും പരിശോധിക്കുന്നതിനിടയിലാണ് പൊടുന്നനെ പ്രകോപിതനായി പരിശോധിക്കുകയായിരുന്ന വനിതാ ഡോക്ടറെ അടിച്ചത്. അക്രമത്തിനിരയായ ഡോക്ടര്‍ പൊലിസിനെ വിളിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ഡോക്ടറെ ഭീഷണിപ്പെടുത്തി. നിന്നെ ഞാന്‍ എടുത്തോളാം, പുറത്ത് വച്ച് കണ്ടോളാം, എന്നിങ്ങനെയായിരുന്നു ഭീഷണി. വിവര മറിഞ്ഞെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഡോക്ടരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 323,353 ,294 ( ബി ),506 വകുപ്പിലും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചാലുള്ള പുതിയ ഭേദഗതി നിയമം 3, 4, വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധ സമരം നടത്തി.