കെ.കെ ശൈലജയുടെ പരാമര്‍ശം സമൂഹം ആഴത്തില്‍ പരിശോധിക്കണം

കെ.കെ ശൈലജയുടെ പരാമര്‍ശം സമൂഹം ആഴത്തില്‍ പരിശോധിക്കണം

സി.പി.ഐ(എം) കേന്ദ്രകമ്മിറ്റിയംഗവും കേരളംകണ്ട മികച്ച ഭരണാധികാരികളിലൊരാളുമായ കെ.കെ ശൈലജ ടീച്ചര്‍ നടത്തിയ പരാമര്‍ശം സി.പി.എം മാത്രം പരിശോധിച്ചാല്‍ പോര. സമൂഹം ആഴത്തില്‍ പരിശോധിക്കേണ്ടതാണ്. കമ്മ്യൂണിസിറ്റ് പാര്‍ട്ടി തുല്യതക്ക് വേണ്ടിയാണ് നില കൊള്ളുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പുരുഷാധിപത്യമുണ്ടെന്നും അതിനെതിരേയും പോരാട്ടം തുടരുകയാണെന്നാണ് അവര്‍ വ്യക്തമാക്കിയത്. സി.പി.എം സ്ത്രീ സമൂഹത്തിന് നല്ല പരിഗണന നല്‍കുന്ന പാര്‍ട്ടിയാണെന്നുള്ളത് ഒരു വസ്തുതയാണ്. എന്നാല്‍ പുരുഷ കേന്ദ്രീകൃതമായ അധികാര വ്യവസ്ഥയും മേധാവിധ്വവും നിലനില്‍ക്കുന്നുണ്ടെന്നുള്ളത് വസ്തുതയാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മിനകത്ത് മാത്രം പരിശോധന പോര. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും മതസംഘടനകള്‍ക്കുള്ളിലും ഇത്തരം പരിശോധനകള്‍ ആവശ്യമാണ്. സ്ത്രീകളെ പ്രത്യേക സംവരണം കൊടുത്ത് പരിഗണിക്കേണ്ടവരല്ല.

സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷനെ പോലെ ഇടപെടാനും നയിക്കാനും കഴിവുള്ളവരാണവരെന്നതിനുള്ള നിരവധി ചരിത്രം നമ്മുടെ മുമ്പിലുണ്ട്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും അവരെ വീട്ടില്‍ ജോലിയെടുക്കുന്ന ഉപകരണങ്ങളാക്കി മാറ്റിയിരുന്ന ഒരുകാലത്ത് നിന്ന് ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കംമൗലവിയും ഇവിടത്തെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് നാം ഇന്ന് കാണുന്ന മാറ്റങ്ങളുണ്ടായിട്ടുള്ളത്. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ വിദ്യാഭ്യസ പുരോഗതിയില്‍ ബഹുദൂരം മുമ്പിലാണ്. അര്‍ധരാത്രിയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുന്ന സാഹചര്യമുള്ള ഒരു സമൂഹമാണ് ഉത്തമമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. പുരുഷ മേധാവിത്വത്തിനെതിരേയുള്ള പോരാട്ടം സ്ത്രീകള്‍ മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല. സ്ത്രീ സമൂഹത്തിനൊപ്പം സമൂഹവും കൈകോര്‍ക്കണം. സ്ത്രീകളെ മുന്നണിയിലെത്തിക്കാനും പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനും എല്ലാം കുടുംബങ്ങളിലും ഇടപെടലുകള്‍ നടക്കുന്നുണ്ട്. മതമേധാവികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകും. പല ചടങ്ങുകളില്‍പോലും സ്ത്രീകള്‍ക്ക് വിവേചനം നല്‍കുന്നതായി കാണാം. അതെല്ലാം ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആവിര്‍ഭവിക്കപ്പെട്ട മതങ്ങള്‍ മാത്രമല്ല, എല്ലാ ചിന്താധാരകളും ആ കാലത്തിന് വെളിച്ചം പകരുന്നവയായിരുന്നെങ്കിലും പുതിയ കാലങ്ങളില്‍ മാറ്റമാവശ്യമുണ്ടെങ്കില്‍ അതിന് നേതൃത്വം നല്‍കേണ്ടത് മതമേലധ്യക്ഷന്‍മാരാണ്. സ്ത്രീകളെ അടിമകളാക്കിയിരുന്ന നാടുവാഴിത്തവും
ഉപഭോഗ വസ്തുക്കളായി മാറ്റുകയും ചെയ്യുന്ന മുതലാളിത്ത വ്യവസ്ഥകളിലൂടെയാണ് നാംകടന്നുപോകുന്നത്‌. ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിന് സിത്രീകളെ പ്രദര്‍ശിപ്പിക്കുന്നത് ലാഭാധിഷ്ഠിത സ്വഭാവമുള്ള ഒരു വ്യവസ്ഥയുടെ പ്രകടനമാണ്. സ്ത്രീകള്‍ അടിമകളോ വിപണന വസ്തുവോ ആയി നില്‍ക്കേണ്ടവരല്ല. നല്ല പഠനവും അറിവും കൈമുതലായുള്ള ഒരു സ്ത്രീ സമൂഹത്തിന് കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹ നിര്‍മിതിയുടെ മുന്നണി പോരാളികളാവാന്‍ സാധിക്കും. സംസ്ഥാനത്തെ ആദ്യ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ സംസ്ഥാന മുഖ്യമന്ത്രിയാവേണ്ട വ്യക്തിയായിരുന്നു. അവരെ പരിഗണിക്കാതിരുന്നതിന് രാഷ്ട്രീയ നേതൃത്വത്തിന് അവരുടേതായ ന്യായങ്ങളുമുണ്ടാകും.

എന്നാലും അത്തരമൊരു സാഹചര്യമുണ്ടായിരുന്നെങ്കില്‍ അതൊരു പുതുചരിത്രമായി മാറിയേനെ. സ്വാതന്ത്ര്യ സമരത്തിലേക്കെടുത്ത് ചാടുകയും ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത നിരവധി സ്ത്രീകളുടെ കൂടി ചരിത്രമാണ് ഭാരത ചരിത്രം. രാജ്യ ചരിത്രത്തിലും ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു വനിതാ പ്രധാനമന്ത്രിയെ നമുക്ക് കാണാനായിട്ടില്ല. സമൂഹത്തിന്റെ മാറ്റത്തിന്റെ പടവാളുകളായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ഭരണതലങ്ങളിലും സ്ത്രീകള്‍ക്ക് പുരുഷന്റെ സഹായമില്ലാതെ പരിഗണന ലഭിക്കുന്ന ഒരുകാലം നിയമപരമായും അല്ലാതെയും നേടിയെടുക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണം. അവരെ തുല്യരായി കണ്ട് പരിഗണിക്കാന്‍ പുരുഷ മനഃസ്ഥിതിയും മാറണം. കെ.കെ ശൈലജ ടീച്ചറുയര്‍ത്തിയ ചോദ്യങ്ങള്‍ സമൂഹം ചര്‍ച്ച ചെയ്യണം. മാറ്റം ആവശ്യമുള്ളിടത്ത് മാറ്റം ഉണ്ടാകണം. സമൂഹത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചിട്ടുള്ള വിപ്ലവപ്രസ്ഥനങ്ങളില്‍ നിന്ന് അതാരംഭിക്കട്ടെ.

Share

Leave a Reply

Your email address will not be published. Required fields are marked *