കോഴിക്കോട്: മതനേതൃത്വത്തിന്റെ അവധാനത തൊട്ടുതീണ്ടാത്ത അഭിപ്രായ പ്രകടനങ്ങൾ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കുന്ന സാഹചര്യത്തിൽ മതത്തെ സാമൂഹിക വിഭജനത്തിന്റെ ആയുധമാക്കരുത് എന്ന പ്രമേയമുയർത്തി ഐ.എൻ.എൽ സുഹൃദ് സംഗമങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ 15 മുതൽ 14 ജില്ലകളിലും നടത്തപ്പെടുന്ന സംഗമങ്ങളിൽ സാമൂഹിക, രാഷ്ട്രീയ, മത രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കം. സംഘ്പരിവാർ ഉയർത്തുന്ന വർഗീയ ഫാഷിസ്റ്റ് വെല്ലുവിളിയെ ഒറ്റക്കെട്ടായി നേരിടേണ്ട ഈ ഘട്ടത്തിൽ മത സമൂഹങ്ങൾക്കിടയിൽ സ്പർധയും വൈരവും ഭിന്നതയും വളർത്തുന്നത് അപകടകരമാണെന്നും നമ്മുടെ നാട്ടിന്റെ സ്വസ്ഥത നശിപ്പിക്കാനേ അത് പ്രയോജനപ്പെടുകയുള്ളൂവെന്നും ഐ.എൻ.എൽ വിലയിരുത്തുന്നു.സാമൂഹിക സൗഹാർദ്ദം തകർക്കുന്ന ഏത് നീക്കവും ആരുടെ ഭാഗത്തു നിന്നുണ്ടായാലും സർക്കാർ അത് തടയുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഐ.എൻ.എൽ സ്ഥാപക നേതാവും ആറ് പതിറ്റാണ്ടുകാലം ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ നൂറാം ജന്മവാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ കൊണ്ടാടും.നവംബർ ആദ്യവാരത്തിൽ ഇവിടെയും ഗൾഫ് രാജ്യങ്ങളിലും ആരംഭിക്കുന്ന ജന്മശതാബ്ദി പരിപാടികൾക്ക് ഉടൻ അന്തിമ രൂപം നൽകും. പാർട്ടി മെമ്പർഷിപ്പ് നടപടികൾ ഒക്ടോബറോടെ പൂർത്തിയാക്കി താഴെതട്ട് മുതൽ പുതിയ ഭാരവാഹികളെ കണ്ടെത്തും. പുന:ക്രമീകരിച്ച ഇലക്ഷൻ കലണ്ടർ പ്രകാരം അംഗത്വ നടപടികൾ ഒരു മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. ഈ കാലയളവിൽ 14 ജില്ലകളിലും പാർട്ടി കൺവെൻഷനുകൾ നടത്തപ്പെടും. പുനർനിർണയിച്ചത് പ്രകാരം താഴെ പറയുന്നവരാണ് ജില്ലാ റിട്ടേണിങ് ഓഫീസർമാർ.
കാസർകോട് ബി.ഹംസഹാജി, കണ്ണൂർ ഒ.പി.ഐ കോയ, കോഴിക്കോട് എം.എ.ലത്തീഫ്, വയനാട് സി.എച്ച്.ഹമീദ് മാസ്റ്റർ, മലപ്പുറം നാസർകോയ തങ്ങൾ, പാലക്കാട് ശംസു.ഒ.ഒ, തൃശൂർ എം.എം.സുലൈമാൻ, എറണാകുളം എം.എം.മാഹീൻ, ആലപ്പുഴ എൻ.കെ.അബ്ദുൽ അസീസ്, കോട്ടയം എച്ച്.മുഹമ്മദലി, ഇടുക്കി സാദാത്ത് ചാരുമൂട്, പത്തനംതിട്ട എ.പി.മുസ്തഫ, കൊല്ലം ബഷീർ ബഡേരി, തിരുവനന്തപുരം ഡോ.എ.എ.അമീൻ.
പ്രൊഫ.എ.പി.അബ്ദുൽ വഹാബ്, കാസിം ഇരിക്കൂർ, ബി.ഹംസ ഹാജി, എം.എ.ലത്തീഫ്, നാസർകോയ തങ്ങൾ പങ്കെടുത്തു.