കോഴിക്കോട്: നാടിന്റെ നറുമണമുള്ള വാർത്തകൾ വായനക്കാരിലെത്തിക്കുന്ന ചെറുകിട മാധ്യമങ്ങൾ സമൂഹത്തിന്റെ സ്പന്ദനങ്ങളാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും, ചീഫ് ഫിസിഷ്യനും, രാജ്യത്തെ മുതിർന്ന ആയൂർവ്വേദ ഭിഷഗ്വരൻമാരിലൊരാളുമായ ഡോ.പി.എം.വാരിയർ പറഞ്ഞു. നവാഗതരായ എഴുത്തുകാരുടെ കളരിയാണ് ചെറുകിട മാധ്യമങ്ങൾ. മലയാള ഭാഷയ്ക്ക് മുതൽക്കൂട്ടുമാണ് ഇത്തരം പ്രസിദ്ധീകരണങ്ങൾ. പ്രവാസി റിവ്യൂ മാഗസിൻ ഓണപ്പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളടക്കുള്ള എല്ലാവർക്കും മികച്ച ആരോഗ്യ സുരക്ഷയൊരുക്കാൻ ആയൂർവ്വേദത്തിന് സാധിക്കുന്നുണ്ട്. പ്രവാസി മലയാളികളുടെ രചനകൾ, അവരുടെ പ്രശ്‌നങ്ങൾ സമഗ്രമായി പ്രതിപാദിക്കുന്ന പ്രവാസി റിവ്യൂ മാഗസിനെ അദ്ദേഹം അഭിനന്ദിച്ചു. ചീഫ് എഡിറ്റർ പി.ടി.നിസാർ പതിപ്പ് ഏറ്റുവാങ്ങി. കോട്ടയ്ക്കൽ ആര്യവൈദ്യശാല പി.ആർ.ഒ എം.ടി.രാമകൃഷ്ണൻ, മഹിളാവീഥി മാഗസിൻ എഡിറ്റർ അനീസ നിസാർ, പീപ്പിൾസ് റിവ്യൂ അസിസ്റ്റന്റ് മാനേജർ ഷാജഹാൻ.വി.പി ചടങ്ങിൽ സംബന്ധിച്ചു.