തോട്ടിപ്പണി നിര്‍ത്താന്‍ രാജ്യം ഇനിയും എത്ര നാള്‍ കാത്തിരിക്കണം

തോട്ടിപ്പണി നിര്‍ത്താന്‍ രാജ്യം ഇനിയും എത്ര നാള്‍ കാത്തിരിക്കണം

ടി. ഷാഹുല്‍ ഹമീദ്

ഞാന്‍ പുനര്‍ജനിക്കില്ല എന്ന് എനിക്കറിയാം അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തോട്ടികളുടെ കുടുംബത്തില്‍ ജനിക്കണം എന്ന് മഹാത്മാഗാന്ധി പറഞ്ഞത് തോട്ടിപ്പണി ചെയ്യുന്ന ജനവിഭാഗങ്ങള്‍ക്കിടയിലുള്ള എണ്ണമറ്റ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ,ദുരിതങ്ങളും നേരില്‍ കണ്ടതുകൊണ്ടാണ്. രാജ്യത്ത് 58000 പേര്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ ഉണ്ട് എന്ന കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ തോട്ടിപ്പണി പൂര്‍ണമായും തുടച്ചുനീക്കി എന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം ശരിയല്ല എന്ന് വ്യക്തമാക്കുന്നു. മനുഷ്യവിസര്‍ജ്യം തലയിലേറ്റി കൊണ്ടുപോകുന്ന പണിയാണ് തോട്ടിപ്പണി ,അതിപ്പോഴും രാജ്യത്തെ 766 ജില്ലകളില്‍ 258 ജില്ലകളില്‍ നടക്കുന്നു എന്നത് ആധുനിക ഭാരതം നേടിയ എല്ലാ വിജയങ്ങളെയും നേട്ടങ്ങളെയും നിഷ്പ്രഭമാക്കുന്നു. 2011ലെ സാമൂഹിക സാമ്പത്തിക സെന്‍സസ് പ്രകാരം 180657 പേര്‍ തോട്ടിപ്പണി എടുക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയെങ്കിലും നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എങ്കിലും മഹാരാഷ്ട്ര ,ഗുജറാത്ത് ,മധ്യപ്രദേശ് ,ഉത്തര്‍പ്രദേശ് ,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ തോട്ടിപ്പണി ഇന്നും നിലനില്‍ക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും 66% ജില്ലകളില്‍ മാത്രമേ തോട്ടിപ്പണി പൂര്‍ണമായും നിര്‍ത്തലാക്കുവാന്‍ സാധിച്ചിട്ടുള്ളൂ ,ബാക്കിയുള്ള ജില്ലകളില്‍ ഇന്നും പഴയകാലത്തെ ജാതിവ്യവസ്ഥിതിയുടെ ഉല്‍പ്പന്നമായ തോട്ടിപ്പണി നടക്കുന്നു എന്നത് രാജ്യത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നത്.

1950ല്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ജി എസ് ലക്ഷ്മണന്‍ അയ്യര്‍ ചെയര്‍മാനായിരുന്ന ഗോബി ചെട്ടി പാളയം മുന്‍സിപ്പാലിറ്റി ഇന്ത്യയില്‍ ആദ്യമായി തോട്ടിപ്പണി പൂര്‍ണമായും നിരോധിച്ചവെങ്കിലും തോട്ടി പണി നിര്‍ത്തലാകുവാന്‍ ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തിന് സാധിച്ചിട്ടില്ല . 1214 ല്‍ യൂറോപ്പിലാണ് തോട്ടിപ്പണി ആദ്യമായി ആരംഭിച്ചത്. 1596ല്‍ ജോണ്‍ ഹാറിങ്ടണ്‍ വാട്ടര്‍ ക്ലോസെറ്റ് കണ്ടു പിടിക്കുകയും 1870 ല്‍ എസ്.എസ് ഹെലിയര്‍ ഫ്‌ലഷ് ടൈപ്പ് കക്കൂസുകള്‍ കണ്ടുപിടിച്ചതോടെ തോട്ടിപ്പണിക്കാരുടെ ആവശ്യം കുറഞ്ഞു വരികയും ,1950 ആകുമ്പോഴേക്കും മറ്റു തരത്തിലുള്ള കക്കൂസുകളും സെപ്റ്റിക് ടാങ്ക് ഉപയോഗിച്ചുള്ള സംവിധാനങ്ങളും വ്യാപകമായി പ്രചരിക്കുകയും ,യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രത്യക തരത്തിലുള്ള വാഹനത്തില്‍ മലവിസര്‍ജനം അടക്കമുള്ള മാലിന്യങ്ങള്‍ പുറത്ത് സുരക്ഷിത കേന്ദ്രങ്ങളില്‍ കൊണ്ടുപോയി നശിപ്പിക്കുന്നത് വ്യാപകമായി .1991ല്‍ പ്ലാനിങ് ബോര്‍ഡ് എസ്.കെ ബാസുവിന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുകയും മനുഷ്യവിസര്‍ജ്യം വിഷമുള്ള അവസ്ഥയില്‍ മനുഷ്യരെ ഉപയോഗിച്ച് നശിപ്പിക്കുവാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

1993ല്‍ പാര്‍ലിമെന്റ് തോട്ടികള്‍ക്കും ശൗചാലയങ്ങള്‍ വൃത്തിയാക്കുന്നവര്‍ക്കുമായി ഒരു നിയമം പാസാക്കിയെങ്കിലും ഒറ്റക്കുഴി കക്കൂസുകളും പെട്ടി കക്കൂസുകളും പൂര്‍ണമായി ഒഴിവാക്കി തോട്ടിപ്പണി നിര്‍ത്തലാക്കുവാന്‍ സാധിച്ചിട്ടില്ല .2013 ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍ക്കാര്‍ തോട്ടിപ്പണി പൂര്‍ണമായും നിരോധിച്ചെങ്കിലും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചില്ല .1970ല്‍ ബിനേഷ്വര്‍ പദക്ക് ‘സുലഭ് ‘എന്ന ആശയം കൊണ്ടുവന്നതോടെ പൊതുവിടങ്ങളില്‍ നല്ല കക്കൂസുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങി, പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുന്നത് കുറക്കുവാനും ശാസ്ത്രീയമായി കക്കൂസ് മാലിന്യം സംസ്‌കരിക്കുവാനും തുടങ്ങി .1994ല്‍ ബെസ് വാഡാ വില്‍സണ്‍ സഫായി കര്‍മ്മാചാരി എന്ന സാമൂഹ്യ സംഘടന രൂപീകരിച്ചതോടെ ജാതി വ്യവസ്ഥയില്‍ താഴ്ന്ന ജാതിക്കാര്‍ ചെയ്യേണ്ടതും ഉയര്‍ന്ന ജാതിക്കാര്‍ നിഷ്‌കര്‍ഷിച്ചതുമായ തോട്ടിപണി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ രാജ്യം ശ്രദ്ധിക്കുവാന്‍ തുടങ്ങി ,സുപ്രീംകോടതി അടക്കമുള്ള വിവിധ കോടതികള്‍ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്തു ,ഇതോടെ രാജ്യം തൊട്ടിപ്പണിയില്‍ നിന്ന് വിമുക്തി നേടുമെന്ന് വിചാരിച്ചെങ്കിലും പൂര്‍ണമായി അത് നേടിയെടുക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ല എന്നത് രാജ്യത്തിന് നിരാശയാണ് സമ്മാനിക്കുന്നത് .തോട്ടിപ്പണി ചെയ്യുന്ന വനിതകള്‍ 14.6 വയസ്സിന് മുമ്പേ മറ്റു വനിതകളെക്കാള്‍ മരിച്ചുപോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യരംഗത്തെക്കുറിച്ച് നമുടെ മുന്‍പില്‍ ഭീവത്സമായ ചിത്രമാണ് വരച്ച് കാട്ടുന്നത് .മനുഷ്യവിസര്‍ജ്യത്തെ യന്ത്രങ്ങള്‍ കൊണ്ട് സംസ്‌കരിക്കണം അതിനുപകരം മനുഷ്യരെ ഉപയോഗിച്ച് സംസ്‌കരിക്കുന്നത് അത്യന്തം ഹീനവും ജുഗുപ്‌സാവഹമായ പ്രവര്‍ത്തിയാണ് .

നാലാം വ്യവസായ വിപ്ലവം കൊടികുത്തി വാഴുമ്പോള്‍ തൊഴിലിടങ്ങളില്‍ അഭുതപൂര്‍വഹമായ മാറ്റവും പരിണാമവും സംഭവിച്ച് മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ തൊഴിലിടം കീഴടക്കുമ്പോള്‍ ,ലോകത്താകമാനം മാലിന്യ നിര്‍മ്മാജന മേഖലയില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി ഓടകളിലും മലിന ജല പിറ്റുകളിലും ശുചികരണത്തിന് മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ രംഗം കീഴടക്കുമ്പോള്‍ ആധുനികതയുടെയും വികസനത്തിന്റെയും പരിപ്രക്ഷ്യം അനുഭവിക്കാന്‍ കഴിയാത്ത മനുഷ്യ കോലങ്ങള്‍ അഭിമാനക്ഷതമേറ്റ് തൊഴിലിനും ജീവനോപാധിക്കും വേണ്ടി ആരോഗ്യവും അന്തസ്സും പണയപ്പെടുത്തി ജീവിക്കുന്നു എന്നത് രാജ്യത്തിന് അപമാനകരമാണ് .മാലിന്യനിര്‍മ്മാണ മേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യയും പുതിയ ഉപകരണങ്ങളും കടന്നുവന്നെങ്കിലും അതൊന്നും അറിയാത്തവരും അനുഭവിക്കാന്‍ കഴിയാത്തവരും രാജ്യത്തുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് .രാജ്യത്തെ 4800 മുനിസിപ്പാലിറ്റികളിലും ഇന്ന് അപകടകരമായ മാലിന്യം കൈകാര്യം ചെയ്യുന്നതിന് വേണ്ടി ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഇല്ല എന്ന് വ്യക്തമാക്കപ്പെടുന്നു .ലോകത്തിലെ ഏറ്റവും വലിയ കക്കൂസ് വാഹകരായ 17 സോണുകളിലായി 63327കിലോമീറ്റര്‍ പരന്നുകിടക്കുന്ന ഇന്ത്യന്‍ റെയില്‍വേയിലെ മനുഷ്യവിസര്‍ജ്യ സംസ്‌കരണത്തിന് ആധുനിക രീതിയിലെ പദ്ധതികള്‍ ഉണ്ടാകേണ്ടതായിട്ടുണ്ട് .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ എടുപ്പ് കക്കൂസുകള്‍ക്കും ,കുഴി കക്കൂസുകള്‍ക്കും പൂര്‍ണമായ നിരോധനം വന്നിട്ടില്ല ,ഇതിലെ മാലിന്യം മാറ്റാന്‍ വിധിക്കപ്പെട്ട ആയിരകണക്കിന് തോട്ടി പണിക്കാരെ ഓര്‍ത്ത് നമുക്ക് വിലപിക്കാം.

തോട്ടിപ്പണിയെടുക്കുന്നവരില്‍ 97.25% പട്ടിക ജാതിയില്‍ വിഭാഗത്തിലുള്ളവരാണ് എസ് ടി ,ഒ ബി സി വിഭാഗത്തില്‍പെട്ടവരും കുറഞ്ഞ രീതിയില്‍ ഉണ്ട് ,അതുകൊണ്ട് ജാതിപരമായ ആക്രമണം എന്നാണ് തോട്ടിപ്പണിയെ കുറിച്ച് പറയുന്നത് .ഈ മേഖലയില്‍ നൂറുകണക്കിന് മരണം നടക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ തോട്ടിപ്പണിയെടുത്തോ പ്രയാസകരമായ രീതിയില്‍ മാലിന്യ നീക്കം ചെയ്യുന്നതിനിടയിലോ ആരും തന്നെ മരിച്ചിട്ടില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത് 1993 മുതല്‍ 2021 വരെ 971 പേര്‍ മരിച്ചു എന്നാണ് അനൗദ്യോഗികമായ കണക്ക് . 2021ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എല്ലാതര പ്രയാസകരമായ ശുചീകരണ പ്രവര്‍ത്തികളില്‍ നിന്നും മനുഷ്യരെ ഒഴിവാക്കണമെന്ന് നിഷ്‌കര്‍ഷിക്കുകയുണ്ടായി.

മനുഷ്യര്‍ യന്ത്രങ്ങളുടെ സഹായം ഇല്ലാതെ തോട്ടി പണി ചെയ്യുന്ന അവസ്ഥ ഇനിയും പൂര്‍ണമായി അവസാനിപ്പിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു .നിലവില്‍ തോട്ടിപ്പണി ചെയ്യുന്നവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണം നാളിതുവരെ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടില്ല എന്ന് അനുഭവത്തില്‍ നിന്നും വ്യക്തമാക്കുന്നു .പുതിയ മേച്ചില്‍പുറവും വൈദഗ്ധ്യവും അവര്‍ക്ക് നല്‍കേണ്ടതായിട്ടുണ്ട് ,കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നൂറുകോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന നമസ്‌തേ പദ്ധതിയില്‍ ആധുനിക രീതിയിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ 100% സബ്‌സിഡിയോടുകൂടി തോട്ടിപ്പണി ചെയ്യുന്നവര്‍ക്ക് നല്‍കണം ,നിലവില്‍ തോട്ടിപ്പണി ചെയ്യുന്നവരുടെ ആരോഗ്യം ഹനികരമാക്കാത്ത രീതിയില്‍ അത്യാധുനിക ഉപകരണങ്ങളും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള ഉപകരണങ്ങളും അവര്‍ക്ക് നല്‍ക്കുകയും ,കൃത്രിമ ബുദ്ധി സാര്‍വത്രികമായ ഘട്ടത്തില്‍ കോബോട്ടുകള്‍ പ്രചാരണം നേടിയ സന്ദര്‍ഭത്തില്‍ നിലവിലുള്ള തോട്ടിപ്പണി ചെയ്യുന്നവരെ മാറ്റി പകരം കോബോട്ടുകളെ ചുമതലപ്പെടുത്തി നിലവിലുള്ള പദ്ധതികളില്‍കാതലായ മാറ്റം വന്നാല്‍ പൂര്‍ണ്ണമായും തോട്ടിപ്പണി നിര്‍ത്തുവാന്‍ സാധിക്കും ,ഇതിന് സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതായിട്ടുണ്ട് അല്ലെങ്കില്‍ രാജ്യം നേടിയെടുത്ത എണ്ണമറ്റ നേട്ടങ്ങള്‍ക്കു മുമ്പില്‍ ഒരു കറുത്ത കുത്തായി തൊട്ടിപ്പണി ചെയ്യുന്നവരും അവരുടെ ജീവിതവും മാറും എന്നതില്‍ സംശയമില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *