ചാലക്കര പുരുഷു
തലശ്ശേരി: സൗഹൃദത്തിന്റെ പൂന്തോപ്പുകളും കരുതലിന്റേയും ആത്മാര്‍ത്ഥതയുടേയും തെളിനീര്‍പ്പുഴകളും ദാര്‍ശനികതയുടെ ആകാശങ്ങളും നന്‍മയുടെ കൊടുമുടികളും പ്രണയത്തിന്റെ മഴവില്ലുകളും സ്‌നേഹത്തിന്റെ പുല്‍മേടുകളുമെല്ലാം ഇവിടെ കാണാം. ആര്‍ജ്ജിത ജ്ഞാനത്തിന്റെ ആള്‍രൂപമായ എ.വി രത്‌നകുമാര്‍ എന്ന നിസ്വാര്‍ത്ഥനായ ഗുരുനാഥന്റെ വീട്, ഇന്ന് ഒരുദേശത്തിന്റെ സാംസ്‌ക്കാരിക-സാമൂഹ്യ പാഠശാലയാണ്. അദ്ധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചതിന് ശേഷം 2018 ല്‍ വടക്കുമ്പാട് മഠത്തും ഭാഗത്തെ തന്റെ വീട്ടുമുറ്റത്ത് ആരംഭിച്ച ഗ്രാന്‍മ തിയേറ്റര്‍ ഇന്ന് ഒരു നാടിന്റെ വികാരമാണ്. 320 ലധികം കലാസാംസ്‌ക്കാരിക പരിപാടികള്‍ക്കാണ് ഇവിടം വേദിയായത്.
ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം 55 വ്യത്യസ്ത പരിപാടികള്‍ പുസ്തക വായന, ചര്‍ച്ചകള്‍, സംവാദങ്ങള്‍, സാംസ്‌ക്കാരിക സദസ്സുകള്‍, നാടക ക്യാംപുകള്‍, നാട്ടുകലകളെ പരിചയപ്പെടുത്തല്‍, കലാകാര സംഗമങ്ങള്‍, സംഗീത സന്ധ്യകള്‍, ദൃശ്യാവിഷ്‌ക്കാരങ്ങള്‍, മാനവീയ സദസ്സുകള്‍, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍, ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, പുസ്തകപ്രസാധനം, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സലിംഗ് ഗൈഡന്‍സ് ക്ലാസ്സുകള്‍, ശാസ്ത്ര ക്ലാസ്സുകള്‍, മന:ശ്ശാസ്ത്ര ക്ലാസ്സുകള്‍, വിവിധ മാനസിക കായിക പരിശീലനങ്ങള്‍, തൊഴില്‍ പരിശീലനം, അയല്‍പക്ക സദസ്സുകള്‍ എന്നിങ്ങനെ പോകുന്നു. ഗ്രാന്‍മ തിയേറ്ററിന്റെ സവിശേഷതകള്‍. സാധാരണ മനുഷ്യര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ രസതന്ത്രം മനസ്സിലാക്കാന്‍ സഹായകമായ ഒരു പാഠശാലയായി ഗ്രാന്‍മ തിയേറ്റര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
നിരന്തരം പരിപാടികള്‍ നടക്കുമ്പോഴും ഇവിടെ പിരിവ് എന്നൊന്നില്ല. ഗ്രാന്‍മ തിയേറ്റര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വിറ്റ് കിട്ടുന്ന പണവും തിയേറ്റര്‍ നടത്തുന്ന ഒരു മാസം നീളുന്ന മിറാക്കിള്‍ ലൈഫ് മനഃശ്ശാസ്ത്ര ക്ലാസ്സില്‍ നിന്ന് കിട്ടുന്ന നാമമാത്ര ഫീസും അത്യാവശ്യം മാഷിന്റെ പെന്‍ഷന്‍ തുകയും ജീവിതത്തിന്റെ സ്വാഭാവിക താളം തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കുന്ന അനുഭവാത്മക പരിശീലനമാണ് മിറാക്കിള്‍ ലൈഫ് എന്ന് ഗ്രാമ തിയേറ്ററിന്റെ ശില്‍പ്പിയായ എ.വി.രത്‌നകുമാര്‍ മാസ്റ്റര്‍ പറഞ്ഞു.