ന്യൂഡല്‍ഹി: തെളിവെടുപ്പിനായി എത്തിയപ്പോള്‍ താന്‍ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്ന് പരാതിക്കാരി. തെളിവെടുപ്പിന് ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ചപ്പോഴാണ് താന്‍ ബ്രിജ് ഭൂഷണെ കണ്ടതെന്നും ഇത് തന്നെ ഭയപ്പെടുത്തിയെന്നും പരാതിക്കാരിയായ താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ പോലിസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് അടക്കം സംസാരിച്ചത് താന്‍ കണ്ടുവെന്നും പരാതിക്കാരി. ഗുസ്തി ഫെഡറേഷന്റെ ഓഫിസും ബ്രിജ് ഭൂഷണിന്റെ വസതിയും ഒരേ വളപ്പിലാണ്. കുറ്റാരോപിതന്‍ വീട്ടിലുള്ളപ്പോള്‍ തൊട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ഡല്‍ഹി പോലിസ് രംഗത്തെത്തി. വീടും ഓഫിസും ഒരേ വളപ്പിലാണെങ്കിലും എതിര്‍ദിശയിലാണെന്നും പരാതിക്കാരിയും കുറ്റാരോപിതനും തമ്മില്‍ കണ്ടിട്ടില്ലെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷന്റെ അറസ്റ്റിനുള്ള സാധ്യത മങ്ങി. നല്‍കിയ പരാതി വ്യാജമാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്‌സോ കേസ് ദുര്‍ബലമായി. നല്‍കിയത് വ്യാജ പരാതിയാണെന്നും മകള്‍ക്ക് ചാംപ്യന്‍ഷിപ്പില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛന്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴി വീണ്ടും പോലിസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന കുറ്റപത്രത്തില്‍ പോലിസ് ഇത് ഉള്‍പ്പെടുത്തും.
അതേസമയം, പരാതി നല്‍കിയ മറ്റ് ആറ് ഗുസ്തി താരങ്ങളും പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്. അന്താരാഷ്ട്ര റഫറിയടക്കം എഫ്.ഐ.ആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ഡല്‍ഹിയിലെത്തിയ ബ്രിജ് ഭൂഷണ്‍ കോടതിയില്‍നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.