രാജ്യത്തിന്റെ രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചു; ഡൊണാള്‍ഡ് ട്രംപിനെതിരേ കുറ്റപത്രം

രാജ്യത്തിന്റെ രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ചു; ഡൊണാള്‍ഡ് ട്രംപിനെതിരേ കുറ്റപത്രം

ന്യൂയോര്‍ക്ക്: രാജ്യത്തിന്റെ അതീവ രഹസ്യരേഖകള്‍ അനധികൃതമായി സൂക്ഷിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ കുറ്റപത്രം. ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. സംഭവത്തില്‍ 37 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫെഡറല്‍ ചാര്‍ജുകള്‍ ചുമത്തപ്പെടുത്ത അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ പ്രസിഡന്റാണ് ട്രംപ്.
പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ട്രംപ്, വൈറ്റ് ഹൗസില്‍ സൂക്ഷിച്ചിരുന്ന രഹസ്യരേഖകള്‍ സ്വന്തം വസതിയിലേക്ക് നിയമവിരുദ്ധമായി എടുത്തുകൊണ്ട് വരികയും സൂക്ഷിക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് ജസ്റ്റിസ് വകുപ്പും എഫ്.ബി.ഐയും നടത്തിയ പരിശോധനയില്‍ നൂറുകണക്കിന് രേഖകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്. അതിന് മുന്‍പ് തന്നെ തനിക്കെതിരെ കുറ്റം ചുമത്തിയതായി സാമൂഹ്യമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചിരുന്നു.

സൈനിക നടപടിയുമായി ബന്ധപ്പെട്ട അതീവരഹസ്യ രേഖകള്‍ പങ്കിടുകയും പെന്റഗണ്‍ ‘ആക്രമണ പദ്ധതി’ ട്രംപ് വിവരിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. വിദേശ രാജ്യങ്ങളുടെ ആണവ ശക്തിയെ കുറിച്ച് പ്രതിപാദിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ വസതിയായ മാര്‍ എ ലാഗോയില്‍ നിന്ന് കണ്ടെടുത്തതായി കുറ്റപത്രത്തിലുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ജയില്‍ ശിക്ഷവരെ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ട്രംപിന് മേലുള്ളത്. ഒരിക്കല്‍ ദേശസുരക്ഷയുടെ കാവല്‍ക്കാരനായിരുന്നയാള്‍ തന്നെ അതിന് ശേഷം, രാജ്യത്തിന്റെ നിര്‍ണായക രേഖകള്‍ അനധികൃതമായി കൈവശം വച്ചുവെന്ന പേരിലാകും ട്രംപിനെ വിലയിരുത്തപ്പെടുക എന്നതും ശ്രദ്ധേയമാണ്. 2024ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ഥിയായ ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ കേസിലെ കുറ്റപത്രം രാഷ്ട്രീയ വെല്ലുവിളിയാണ്. രണ്ടാം തവണയാണ് ട്രംപിന് മേല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നത്. അടുത്തിടെ പോണ്‍സ്റ്റാറുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ടിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ റിപ്പബ്ലിക്കന്‍ നേതാക്കള്‍ എത്രത്തോളം ട്രംപിനെ പിന്തുണയ്ക്കുമെന്നത് ചോദ്യചിഹ്നമാണ്.

2024 ലെ തിരഞ്ഞെടുപ്പില്‍ തന്റെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കാനുള്ള നീക്കമാണ് കുറ്റപത്രമെന്നതാണ് ട്രംപിന്റെ വാദം. 2022 ആഗസ്റ്റില്‍ മാര്‍-എ-ലാഗോയില്‍ നടത്തിയ തിരച്ചിലില്‍ 13,000-ലധികം രേഖകള്‍ വീണ്ടെടുക്കുകയും ഇവയില്‍ ചിലതില്‍ തന്ത്രപ്രധാനമായ സര്‍ക്കാര്‍ രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *