‘ഒന്നിപ്പിന് ‘ ആഹ്വാനം ചെയ്ത് റസാഖ് പാലേരിയുടെ കേരള പര്യടനം കണ്ണൂരില്‍ നിന്ന് ആരംഭിക്കും

‘ഒന്നിപ്പിന് ‘ ആഹ്വാനം ചെയ്ത് റസാഖ് പാലേരിയുടെ കേരള പര്യടനം കണ്ണൂരില്‍ നിന്ന് ആരംഭിക്കും

കണ്ണൂര്‍: വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകര്‍ത്തെറിയുന്ന സംഘ്പരിവാര്‍ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തി പരാജയപ്പെടുത്താന്‍ ഒന്നിച്ച് നില്‍ക്കണമെന്ന ആഹ്വാനത്തോടെ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ കണ്ണൂരില്‍ നിന്ന് ആരംഭിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളര്‍ത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും പര്യടനത്തിലൂടെ ശ്രമിക്കും. ഇതിനായി വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കും.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെയും സമാധാന പൂര്‍ണമായ സാമൂഹിക ജീവിതത്തെയും ഇല്ലാതാക്കി വെറുപ്പും വിദ്വേഷവും ആശങ്കകളും ഭീതിയും പടച്ചുവിട്ട് വക്ര വഴികളിലൂടെ അധികാരം പിടിച്ചടക്കുന്ന രീതിയാണ് ബി.ജെ.പി  നടപ്പാക്കുന്നത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ അവര്‍ തുടങ്ങിയിരിക്കുകയാണ്.

കേരളത്തെ സുരക്ഷാ ഭീഷണിയുള്ള സംസ്ഥാനമാക്കി ചിത്രീകരിച്ചും കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുവായ സംഘ്‌വിരുദ്ധ രാഷ്ട്രീയ വികാരത്തെ ദേശ വിരുദ്ധതയാക്കി അവതരിപ്പിച്ചും കേരളത്തിലെ സമുദായ സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് വ്യാജ പ്രചാരണങ്ങളിലൂടെ തുരങ്കംവച്ചുമാണ് ഈ ശ്രമം നടത്തുന്നത്. കേരള സ്റ്റോറി പോലുള്ള പ്രോപഗണ്ടാ സിനിമകള്‍ ഈ ലക്ഷ്യത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ്. നിരന്തരമായി ഉണ്ടാകുന്ന ട്രെയിന്‍ തീപിടുത്തം ഇതിന്റെ മറ്റൊരു ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാമൂഹ്യനീതി, സാഹോദര്യം, സൗഹാര്‍ദ്ദം, സഹവര്‍ത്തിത്വം എന്നീ ആശയങ്ങളെ രാഷ്ട്രീയമായി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ‘ ഒന്നിപ്പിന്റെ ‘ സാഹചര്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2023 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കേരള പര്യടനം നടത്തുകയാണ്. കേരളത്തിലെ സാമൂഹ്യ – സാംസ്‌കാരിക – കലാ – സാഹിത്യ മേഖലകളിലെ പ്രധാന വ്യക്തികള്‍, വിവിധ മത – സമുദായ നേതാക്കള്‍, ചിന്തകര്‍, വ്യവസായ – വാണിജ്യ മേഖലകളിലെ വ്യക്തികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ റസാഖ് പാലേരി സന്ദര്‍ശിക്കും. പിന്നാക്ക പ്രദേശങ്ങള്‍, ദലിത് – ആദിവാസി കോളനികള്‍, തെരഞ്ഞെടുത്ത തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തും. വിവിധ സംഘടനാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നേതാക്കളുമായി സംസാരിക്കും.

വ്യത്യസ്ത മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തികളെ സന്ദര്‍ശിച്ച് അവരെ ആദരിക്കും. സാമൂഹ്യനീതിയും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യനീതി സംഗമങ്ങള്‍ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. നവോത്ഥാന സംഗമങ്ങളും പ്രാദേശിക കുടുംബ സംഗമങ്ങളും സുഹൃദ് സംഗമങ്ങളും യുവജന സംഗമങ്ങളും പര്യടനത്തിന്റെ ഭാഗമായി നടക്കും. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നു പോകുന്ന കേരള പര്യടനത്തിന് കണ്ണൂരില്‍ നിന്ന് തുടക്കം കുറിക്കും. ജൂണ്‍ 11, 12 (ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ കണ്ണൂര്‍ ജില്ലയിലെ വ്യത്യസ്ത മേഖലകളില്‍ നടക്കുന്ന പരിപാടികളില്‍ സംസ്ഥാന പ്രസിഡണ്ട് പങ്കെടുക്കും. സെപ്റ്റംബര്‍ മാസത്തില്‍ മലപ്പുറം ജില്ലയിലെ പരിപാടികളോട് കൂടിയായിരിക്കും ‘ ഒന്നിപ്പ് ‘ പര്യടനം സമാപിക്കുക.

സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീന ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍, ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്‍, ജില്ലാ സെക്രട്ടറി ലില്ലി ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *