മാഹിയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പിലാക്കും: കേന്ദ്ര മന്ത്രി

മാഹിയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പിലാക്കും: കേന്ദ്ര മന്ത്രി

മാഹി: മാഹിയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളത്രയും കാലതാമസമില്ലാതെ ലഭ്യമാക്കുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപ്‌ല പ്രസ്താവിച്ചു. മാഹി സിവില്‍ സ്‌റേറഷന്‍ ഓഡിറ്റോറിയത്തില്‍ സാഗര്‍ പരിക്രമ പദ്ധതിയുടെ ഭാഗമായെത്തിയതായിരുന്നു മന്ത്രി.കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ.എല്‍. മുരുകന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

മത്സ്യത്തൊഴിലാളികളുമായി മന്ത്രിമാര്‍ കുടിക്കാഴ്ച നടത്തി. പാതിവഴിയിലായ മയ്യഴി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും, പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട മത്സ്യബന്ധന ബോട്ടുകള്‍ക്കും സബ്‌സിഡി അനുവദിക്കണമെന്നും, എം.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും, മാഹിയില്‍ മാത്രം മത്സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് സംവരണാനുകൂല്യം വെട്ടിച്ചുരുക്കിയത് പുന:പരിശോധിക്കണമെന്നും സമ്പര്‍ക്ക പരിപാടിയില്‍ സംസാരിച്ച ചുവാര്‍ കൃഷ്ണന്‍ , പി.പി. ആശാലത , ദിനേശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ചടങ്ങില്‍ വെച്ച് 63 മത്സ്യ തൊഴിലാളികള്‍ പുതുതായി വാര്‍ദ്ധക്യകാല പെന്‍ഷന്‍ വിതരണം ചെയ്തു. സംസ്ഥാന ഫിഷറീസ് -പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണന്‍ സ്വാഗതവും, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *