അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

സ്വകാര്യ ആശുപത്രികളുടെ സേവനം പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴവെട്ടുമ്പോലെയെന്ന് മന്ത്രി വി.എന്‍ വാസവന്‍

അത്തോളി: സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ സേവനം പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുമ്പോലെയെന്ന് പറയുന്നത് എത്രയോ ശരിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. അത്തോളി സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് നാട്ടിലുടനീളം ഓരോ വാര്‍ഡ്തല ജാഗ്രതാ സമിതിക്കും പള്‍സ് ഓക്‌സിമീറ്റര്‍ ആവശ്യമായി വന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയത് 3000 രൂപ, ഈ തുക സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാതെ വന്നപ്പോള്‍ സഹകരണ പ്രസ്ഥാനമായ കണ്‍സ്യൂമര്‍ ഫെഡ് വഴി 900 രൂപയ്ക്ക് ഇവ ജനങ്ങളില്‍ എത്തിച്ചു. ഇത് വീണ്ടും 500 രൂപയില്‍ എത്തി. അനിവാര്യമാണ് എന്ന് കണ്ടപ്പോള്‍ 3000 രൂപയ്ക്ക് വിറ്റത് കടുത്ത ചൂഷണമാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്തതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സഹകരണ മേഖലയുടെ പ്രാഥമിക ലക്ഷ്യം സാമൂഹ്യ പ്രതിബദ്ധതയാണ്. ഇത് നിലനിര്‍ത്തിയാണ് ആതുര സേവന രംഗത്ത് സഹകരണ ആശുപത്രികളുടെ സേവനം. സഹകരണ മേഖലയിലെ ആശുപത്രികളെ താരതമ്യം ചെയ്യുമ്പോള്‍ പൊതുമേഖലയോടൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം ജമീല കാനത്തില്‍ എം.എല്‍.എയും നവീകരിച്ച ഫാര്‍മസിയുടെ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബും ലാബിന്റെ ഉദ്ഘാടനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും ഡിജിറ്റല്‍ കാര്‍ഡിന്റെ ഉദ്ഘാടനം അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രനും വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. അജിതയും ഹെല്‍ത്ത് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ബി. സുധയും ഫോട്ടോ അനാച്ഛാദനം കോഴിക്കോട് സഹകരണ ആശുപത്രി ചെയര്‍മാന്‍ പി.ടി അബ്ദുള്‍ ലത്തീഫും നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു സുരേഷ്, ഒള്ളൂര്‍ ദാസന്‍, ആശുപത്രി പ്രസിഡന്റ് കെ.കെ ബാബു, എം. രജിത, എന്‍.കെ രാധാകൃഷ്ണന്‍, ടി.കെ വിജയന്‍, കോമള തോട്ടുളി
എന്നിവര്‍ സന്നിഹിതരായി. സെക്രട്ടറി എം.കെ സാദിഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *