ഗുസ്തിതാരങ്ങളും കേന്ദ്രസര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തുമ്പോള്‍

ഗുസ്തിതാരങ്ങളും കേന്ദ്രസര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തുമ്പോള്‍

ഗുസ്തിതാരങ്ങളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി കേന്ദ്രം മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ബ്രിജ്ഭൂഷണ്‍ ശരണ്‍സിംഗിന്റെ പേരില്‍ നല്‍കിയ ലൈംഗികാതിക്രമ പരാതികളില്‍ ഈ മാസം 15നകം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കും, ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് ഈ മാസം 30നുള്ളില്‍ പൂര്‍ത്തിയാക്കും, ഗുസ്തി താരങ്ങള്‍ക്കെതിരായ കേസുകള്‍ റദ്ദാക്കും. ഈ മൂന്ന് ഉറപ്പുകള്‍ കേന്ദ്രം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം 15 വരെ നിര്‍ത്തിയതായി ഗുസ്തി താരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, കര്‍ഷക സംഘടന നേതാക്കള്‍, സാക്ഷിയുടെ ഭര്‍ത്താവ് സത്യവൃത് കാദിയാന്‍ എന്നിവരാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി ചര്‍ച്ച നടത്തിയത്. വനിതാ താരങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള ആഭ്യന്തര പരിഹാര സെല്ലിന്റെ അധ്യക്ഷ വനിതയായിരിക്കണം. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ പദവിയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ ബ്രിജ്ഭൂഷണ്‍ സിംഗോ അയാളുടെ അടുപ്പക്കാരോ ഫെഡറേഷന്റെ അടുത്ത ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്.

ഗുസ്തി സമരവുമായി ബന്ധപ്പെട്ട് താരങ്ങള്‍, അക്കാദമികള്‍, അഖാഡകള്‍ എന്നിവര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കായികമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഗുസ്തി താരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷകസംഘടനകള്‍ രംഗത്ത് വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ പെട്ടെന്ന് തയ്യാറായതെന്ന് വ്യക്തമാണ്. ശനിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കായികതാരങ്ങളുമായി ചര്‍ച്ചക്ക് തുടക്കമിട്ടത് ഇതിന്റെ സൂചനയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പും അവസാനം കേന്ദ്രസര്‍ക്കാരിന് നിയമം പിന്‍വലിക്കേണ്ടി വന്നതും കഴിഞ്ഞകാല ചരിത്രമാണ്.

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സമരം ചര്‍ച്ചയാവുകയും രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുകയും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ തന്നെ വിഷയത്തിലിടപ്പെടുന്ന അവസ്ഥയുണ്ടായി. എന്തായാലും പ്രശ്‌നം അവസാനിക്കുന്നത് ശുഭോഭര്‍ക്കമാണ്. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ച കായികതാരങ്ങളുടെ പ്രശ്‌നം ഇത്രയും നീട്ടികൊണ്ട് പോയി, അവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കേണ്ടിയിരുന്നോ എന്ന് ചിന്തിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കായികതാരങ്ങള്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍സിംഗിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതായിട്ടും നടപടികള്‍ വൈകിയത് എന്തുകൊണ്ടെന്ന് പൊതുജനം ആലോചിക്കുമെന്ന് വ്യക്തമാണ്. നീതിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ നീതി നിഷേധിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത് അംഗീകരിക്കാനാവില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *