കാനഡയില്‍ കാട്ടുതീ; പുകയില്‍ വലഞ്ഞ് ന്യൂയോര്‍ക്ക്

കാനഡയില്‍ കാട്ടുതീ; പുകയില്‍ വലഞ്ഞ് ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: കാനഡിലെ കാട്ടുതീയില്‍ വലഞ്ഞ് യു.എസ് നഗരമായ ന്യൂയോര്‍ക്ക്. കാട്ടുതീ മൂലം ന്യൂയോര്‍ക്ക് നഗരം പുകമൂടിയ അവസ്ഥയിലാണ്. നഗരത്തിലെ വായു നിലവാര സൂചിക ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്. അതിനാല്‍ ജനങ്ങളോട് വീട്ടിനുള്ളില്‍ തുടരണമെന്നും എന്‍ 95 മാസ്‌ക് ധരിക്കണമെന്നും വീടിന് പുറത്തിറങ്ങുന്നത് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. സൗജന്യമായി മാസ്‌ക് വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. 10 ലക്ഷം പേര്‍ക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അറിയിച്ചു.

പുക രൂക്ഷമായ സാഹചര്യത്തില്‍ യു.എസ് ഈസ്റ്റ് കോസ്റ്റിലെ സ്‌കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകള്‍ മന്ദഗതിയിലായി. ഈ ആഴ്ച അവസാനം വരെ അപകടകരമായ സാഹചര്യം നിലനില്‍ക്കുമെന്നും ഏകദേശം 15,000 ത്തിലധികം പേരെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും അധികൃതര്‍ അറിയിച്ചു. ‘ ഇത് ഒരു താല്‍ക്കാലികമായ അവസ്ഥയാണ്. ന്യൂയോര്‍ക്ക് സിറ്റിയിലോടുന്ന ബസ്സുകളിലും ട്രെയിനുകളിലും ഉയര്‍ന്ന നിലവാരത്തിലുള്ള എയര്‍ ഫില്‍ട്ടര്‍ സംവിധാനമുണ്ട്. ഇത് യാത്രക്കാരെ സുരക്ഷിതമാക്കും’ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ദിവസം ടൊറന്റോയില്‍ പുക രൂക്ഷമായി ഉയര്‍ന്നതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതായി കാനഡ സര്‍ക്കാര്‍ അറിയിച്ചു. പത്ത് വര്‍ഷത്തിനിടെയുണ്ടായ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയാണ് കാനഡയില്‍ ഇത്തവണയുണ്ടായത്. അന്തരീക്ഷ താപനിലയും ഉയരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട, ഒന്റാറിയോ, നോവ, സ്‌കോട്ടിയ എന്നിവിടങ്ങളിലാണ് പ്രധാനമായും തീപ്പിടുത്തമുണ്ടായത്.

Share

Leave a Reply

Your email address will not be published. Required fields are marked *