ന്യൂഡല്‍ഹി: റഷ്യയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി പകരം വിമാനമയയ്ച്ച് കമ്പനി. റഷ്യയിലെ മഗദാനിലാണ് യാത്രക്കാര്‍ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് മഗദാനില്‍ അടിയന്തരമായി ഇറക്കിയതോടെയാണ് യാത്രക്കാര്‍ കുടുങ്ങിയത്.
ഇന്നലെയായിരുന്നു ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ 173 വിമാനമാണ് അടിയന്തരമായി ഇറക്കിയത്. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോസ്കോയില്‍ നിന്ന് 10,000 കി.മി ദൂരെയുള്ള ഒറ്റപ്പെട്ട യിടത്താണ് വിമാനം ലാന്‍ഡ് ചെയ്തത്. വിമാനത്താവളത്തില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാലും ഹോട്ടല്‍ സൗകര്യം ലഭ്യമല്ലാത്തതിനാലും ഡോര്‍മെറ്ററികളിലും സ്കൂള്‍ കെട്ടിടങ്ങളിലുമാണ് യാത്രക്കാര്‍ക്ക് താമസ സൗകര്യമൊരുക്കിയത്. ഭാഷ പ്രശ്നങ്ങള്‍ക്ക് പുറമെ ഭക്ഷണവും താമസസൗകര്യമില്ലാത്തതും കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന യാത്രക്കാരെ കുഴക്കിയിരുന്നു.
സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പ്രാദേശിക സമയം 12.15ന് സാന്‍ഫ്രാന്‍സിസ്കോയിലെത്തുന്ന വിമാനത്തിലെ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതരും വ്യക്തമാക്കി.