ന്യൂയോര്‍ക്ക്: ഉക്രെയ്‌നിലെ ഖേഴ്‌സണിലെ കഖോവ്ക അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുള്ള ദുരിതം അവസാനിക്കുന്നില്ല. ഡാം തകര്‍ന്നതോടെ തെക്കല്‍ ഉക്രെയിനിലെ നിരവധി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ തുടരുകയാണ്. അണക്കെട്ട് തകര്‍ച്ചയുടെ വ്യാപ്തി വരുംദിവസങ്ങളിലേ വ്യക്തമാകൂ എന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 40,000ത്തിലേറെ പേര്‍ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇതുവരെ വെള്ളം 3.5 മീറ്റര്‍ (111/2 ) അടി ഉയര്‍ന്നു. കസ്‌കോവ ഡിബ്രോവ മൃഗശാല പൂര്‍ണമായും വെള്ളത്തിനടിയിലായി. 300 മൃഗങ്ങള്‍ ചത്തതായി മൃഗശാല അധികൃതര്‍ അറിയിച്ചു.
അതിനിടെ അണക്കെട്ട് തകര്‍ത്തതിന് പിന്നില്‍ ആരാണെന്നതില്‍ വ്യക്തതയില്ലെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ മറ്റൊരു അനന്തരഫലമാണിപ്പോള്‍ കാണുന്നതെന്നും ഗുട്ടറസ് പറഞ്ഞു. ആരാണ് ഉത്തരവാദിയെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും സ്വന്തം ജനതയ്‌ക്കെതിരെ ഉക്രെയ്‌നിന് ഇത്തരമൊരു നീക്കം നടത്തേണ്ട ആവശ്യമില്ലെന്ന് അമേരിക്ക പറയുന്നു. കഴിഞ്ഞ ദിവസം ഡാം തകര്‍ന്നപ്പോള്‍ തന്നെ ഉക്രെയ്ന്‍ റഷ്യയ്‌ക്കെതിരേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഡാം തകര്‍ത്തത് റഷ്യയാണെന്നായിരുന്നു ആരോപണം. എന്നാല്‍, റഷ്യ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പരസ്പരം പഴിചാരുകയാണ് യു.എന്നിലെ ഉക്രെയ്ന്‍, റഷ്യ പ്രതിനിധികള്‍. പ്രത്യാക്രമണത്തിന് സൈന്യത്തെ പുനഃസംഘടിപ്പിക്കാനായി അനുകൂല അവസരം സൃഷ്ടിക്കാന്‍ ഉക്രെയ്ന്‍ നടത്തിയ നീക്കമാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാല്‍, റഷ്യ നടത്തിയ തീവ്രവാദ നീക്കമാണെന്ന് ഉക്രെയ്‌നും ആരോപിക്കുന്നു. വിഷയത്തില്‍ റഷ്യയ്‌ക്കെതിരെ ഇതിനകം തന്നെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിച്ചതായി ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഖേഴ്‌സണില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ റഷ്യന്‍ ഷെല്ലാക്രമണമുണ്ടായതായി ഉക്രെയ്ന്‍ ആഭ്യന്തരമന്ത്രി ആരോപിച്ചു.
സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മിച്ച ആറ് അണക്കെട്ടുകളില്‍ ഏറ്റവും വലിയ അണക്കെട്ടാണ് കഖോവ്ക അണക്കെട്ട്. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയില്‍ റിയാക്ടര്‍ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് ഈ ഡാമിലെ വെള്ളമായിരുന്നു. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലേക്കും ഈ ഡാമില്‍നിന്നാണു വെള്ളം കൊണ്ടുപോകുന്നത്. 240 കി.മീ (150 മൈല്‍) നീളവും 23 കി.മീ (14 മൈല്‍) വരെ വീതിയുമുള്ള തെക്കന്‍ ഉക്രെയ്നിന്റെ പ്രധാന ഭൂമിശാസ്ത്രപരമായ സവിശേഷതകളില്‍ ഒന്നാണ് അണക്കെട്ടിന് പിന്നിലുള്ള വിശാലമായ ജലസംഭരണി.