ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷന്‍. 80ലധികം പേരുടെ ജീവനെടുത്ത അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെടാനും വ്യാപിക്കാനുമുണ്ടായ കാരണങ്ങളാകും പ്രധാനമായും കമ്മീഷന്‍ പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നതും അന്വേഷണ വിധേയമാക്കും. ആറ് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിരമിച്ച ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരായ ഹിമാന്‍ഷു ശേഖര്‍ ദാസ്, അലോക പ്രഭാകര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അന്വേഷണസമിതി പ്രഖ്യാപനം.
കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സമാധാന നീക്കങ്ങള്‍ക്ക് പിന്നാലെ മണിപ്പൂരില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പൂര്‍ണമായും പിന്‍വലിക്കുകയും മറ്റിടങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ ഇളവ് അനുവദിക്കുകയും ചെയ്തു. അതിനിടെ ഇംഫാല്‍-ദിമാപൂര്‍ ദേശീയ പാതയിലെ ഉപരോധം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ ജനതയോട് അമിത് ഷാ ആവശ്യപ്പെട്ടു. ഉപരോധം നീക്കിയാല്‍ മാത്രമെ ഭക്ഷണസാധനങ്ങള്‍, മരുന്ന്, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ലഭ്യമാക്കാനാകൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ പഴയതുപോലെ സുന്ദരമാക്കിയെടുക്കാന്‍ സമവായനീക്കങ്ങള്‍ക്കായി സിവില്‍ സൊസൈറ്റി സംഘടനകളുടെ സഹായം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് നിന്നാല്‍ മാത്രമെ മണിപ്പൂരിനെ സാധാരണനിലയിലേക്ക് മടക്കിക്കൊണ്ടുവരാനാകൂവെന്നും അമിത് ഷാ വ്യക്തമാക്കി.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കഴിഞ്ഞ ദിവസം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപയും മരിച്ചയാളുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് പ്രഖ്യാപനം.