മുക്കം: കുട്ടികളിലും മുതിര്‍ന്നവരിലും കാഴ്ചയുടെ അത്ഭുത വിസ്മയങ്ങള്‍ പകര്‍ന്ന് മാജിക് ഷോ. കക്കാട് ഗവ. എല്‍.പി സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ മാജിക്കിന്റെ അത്ഭുത ചെപ്പുതുറന്നത്. കാഴ്ചക്കാരില്‍ കൗതുകവും യുക്തിയും ആഹ്ലാദത്തിന്റെ പുത്തന്‍ അനുഭൂതിയും പകര്‍ന്നുള്ള മാജിക് ഷോക്ക് പ്രമുഖ മാന്ത്രികനും സ്റ്റേജ്-തെരുവ് ഷോകളിലൂടെ ശ്രദ്ധേയനുമായ സംസ്ഥാനതല വിസ്മയ അവാര്‍ഡ് ജേതാവ് അബ്ദുല്‍മജീദ് മടവൂര്‍ നേതൃത്വം നല്‍കി. അറിവും വിനോദവും അത്ഭുതവും ആഹ്ലാദവും ഒരുപോലെ സമ്മാനിച്ച നിമിഷങ്ങളായിരുന്നു മാജിക് ഷോയെന്ന് കുട്ടികള്‍ സാക്ഷ്യപ്പെടുത്തി.
ധനസമ്പാദനത്തിന് അപ്പുറം മാജിക് നമ്മുടെ ബുദ്ധിവികാസത്തിനും മനുഷ്യമനസിന് സന്തോഷവും പകരുന്ന കലയാണെന്ന് മജീഷ്യന്‍ മജീദ് ഓര്‍മിപ്പിച്ചു. പ്രേക്ഷകരില്‍ മിഥ്യാധാരണങ്ങള്‍ സൃഷ്ടിച്ച് ഞൊടിയിടയില്‍ അത്ഭുദവിദ്യകള്‍ പുറത്തെടുക്കുന്ന മാന്ത്രിക കലയാണിത്. കൈയടക്കവും വേഗതയും അവതരണ വൈഭവവും മാജിക്കിനെ വേറിട്ടുനിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാജിക് കലയിലൂടെ കുട്ടികളുടെ പഠനവും ബുദ്ധിവികാസവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആവ്ഷ്‌കരിക്കുന്നത് പരിഗണിക്കാമെന്നും അദ്ദേഹം ചര്‍ച്ചയില്‍ സംഘാടകര്‍ക്ക് ഉറപ്പുനല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ജാനീസ് ജോസഫ്, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ജനറല്‍സെക്രട്ടറി സലീം മാസ്റ്റര്‍ വലിയപറമ്പ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജി.ഷംസുദ്ദീന്‍ മാസ്റ്റര്‍ സംസാരിച്ചു.
സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എടത്തില്‍ ആമിന ഉദ്ഘാടനം ചെയ്തു. എല്‍.കെ.ജിയിലെയും ഒന്നാം ക്ലാസിലെയും മറ്റു സ്‌കൂളുകളില്‍നിന്ന് വന്ന പുതിയ കുട്ടികള്‍ക്ക് വര്‍ണ്ണക്കുടകളും സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠന ബോക്സുകളും ചടങ്ങില്‍ വിതരണം ചെയ്തു. സംസ്ഥാന സ്‌കൂള്‍ റിസോഴ്സ് പേഴ്സണ്‍ ഹാഷിദ് മാസ്റ്റര്‍ മാവൂര്‍, റിട്ട. എച്ച്.എം പി.സാദിഖലി മാസ്റ്റര്‍ എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
സ്‌കൂള്‍ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി, എച്ച്.എം ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയര്‍മാന്‍ കെ.ലുഖ്മാനുല്‍ ഹക്കീം, പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് അജേഷ് സര്‍ക്കാര്‍പറമ്പ്, കെ.പി.ആര്‍ സ്മാരക വായനശാല ജനറല്‍സെക്രട്ടറി മഞ്ചറ അഹമ്മദ്കുട്ടി, കക്കാട് പ്രവാസി കൂട്ടായ്മ കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ കുയ്യില്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഷംസു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളുടെ വകയായുള്ള നോട്ടീസ് ബോര്‍ഡും ചടങ്ങില്‍ സ്‌കൂളിന് സമര്‍പ്പിച്ചു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കുള്ള കുടകള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്തും മറ്റു കുടകളും പഠന ബോക്സുകളും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുമാണ് സ്പോണ്‍സര്‍ ചെയ്തത്. ചടങ്ങില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.