ബാലസോര്‍: രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോറില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ച് റെയില്‍വേ. അപടകം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രാക്കിലൂടെ പരീക്ഷണ ഓട്ടവും നടത്തി. ട്രെയിന്‍ കടന്നുപോകുന്നതിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ചു. അപകടം നടന്ന രണ്ട് ട്രാക്കുകളും പൂര്‍ണമായും പുനഃസ്ഥാപിച്ചു. ട്രാക്ക് പുനസ്ഥാപിക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ട റെയില്‍വേ തൊഴിലാളികളെയും മേല്‍നോട്ടം വഹിച്ച ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ട്രാക്ക് ലൈനിങ് 4.45 ഓടെ പൂര്‍ത്തിയായെന്നും ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ ആരംഭിച്ചതായും മന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം രാത്രിയോടെയാണ് ട്രാക്ക് പരിശോധിക്കുന്ന രണ്ട് ബോഗികളുളള ട്രെയിന്‍ കടത്തിവിട്ട് പരീക്ഷണ ഓട്ടം നടത്തിയത്.
Down-line restoration complete. First train movement in section. pic.twitter.com/cXy3jUOJQ2
— Ashwini Vaishnaw (@AshwiniVaishnaw) June 4, 2023
രക്ഷാപ്രവര്‍ത്തനം അവസാനിച്ച ശനിയാഴ്ച പകല്‍ മുതല്‍ ട്രാക്ക് പുനസ്ഥാപിക്കാനുളള പ്രവര്‍ത്തനത്തിലായിരുന്നു റെയില്‍വേ. അപകടത്തില്‍ രണ്ട് മെയിന്‍ ലൈനുകളും തകര്‍ന്നതിനാല്‍ ഇതുവഴിയുളള റെയില്‍ ഗതാഗതം പൂര്‍ണമായി നിലച്ചിരുന്നു. അപകടത്തില്‍പെട്ട തീവണ്ടികളുടെ ബോഗികള്‍ ട്രാക്കില്‍ നിന്ന് നീക്കുന്നതായിരുന്നു ആദ്യ വെല്ലുവിളി. രാത്രിയും പകലും വിശ്രമമില്ലാതെ ജോലിയെടുത്താണ് കുറഞ്ഞ സമയത്തില്‍ ട്രാക്ക് റെയില്‍വേ പുനസ്ഥാപിച്ചത്.