‘പരിസ്ഥിതി സംരക്ഷണം മനുഷ്യ ജീവനുകളുടെ സംരക്ഷണമാകണം’

‘പരിസ്ഥിതി സംരക്ഷണം മനുഷ്യ ജീവനുകളുടെ സംരക്ഷണമാകണം’

പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്

ജൂണ്‍ 5-ലോക പരിസ്ഥിതി ദിനം ആചരിക്കുകയാണ്. ലോകമെമ്പാടും ആചരണ ശ്രദ്ധ ഉണ്ടെങ്കിലും ഭാരതത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഏറെ ഊന്നല്‍ നല്‍കുന്നു. കാരണം ജനങ്ങളുടെ ഭൗതികപരമായ അടിസ്ഥാന സൗകര്യങ്ങളോട് താദാത്മ്യം പ്രാപിച്ച ഒരു ഘടകമാണ് പരിസ്ഥിതിയുടെയും ഘടന. മാലിന്യ കൂമ്പാരങ്ങളും വിവിധങ്ങളായ അന്തരീക്ഷ മലിനീകരണങ്ങളും ജനതയെ ശാരീരികമായി തളര്‍ത്തുന്നു. മാറാ രോഗങ്ങള്‍ക്കു വിധേയനാക്കുന്നു. അറിവും വിവേകവും ജന്മനാല്‍ സ്വവര്‍ധിതമായ ഭാരതീയര്‍ മാലിന്യ കൂമ്പാരങ്ങള്‍ നല്‍കുന്ന ദുരവസ്ഥകള്‍ മനസിലാക്കിയിട്ടുണ്ട്.

കേരളീയ പൈതൃക സംസ്‌കാരത്തില്‍ വൃത്തിഹീനതയോടുള്ള പോരാട്ടം അഭിമാനാര്‍ഹമാണ്. എന്നാല്‍ ഇന്നു ശോചനീയവസ്ഥയാണ്. ജനപ്പെരുപ്പമാണ് ഇതിനു കാരണമെന്ന് പറയുന്നത്. ഇത് നേര്‍ക്കാഴ്ചയോടെയുള്ള അഭിപ്രായമല്ല. ജനമെത്രപ്പെരുകിയാലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനമില്ലെങ്കില്‍ പരിസ്ഥിതി സംരക്ഷണമോ, മനുഷ്യ ജീവനെ രക്ഷിക്കാനോ കഴിയില്ല.
റോഡില്‍ വലിച്ചെറിയപ്പെടുന്ന പാഴ് വസ്തുക്കള്‍, വൃത്തിഹീനമായ ശൗചാലയങ്ങള്‍, മാലിന്യ പൈപ്പ് ലൈനുകളില്‍ നിന്നും പൊട്ടിയൊഴുകുന്ന മാലിന്യങ്ങള്‍, പാതയോരങ്ങളിലെ ഓടകള്‍ നിറയുന്ന പാഴ് വസ്തുക്കള്‍, പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം, തോടുകളും പുഴകളും മാല്യന്യംകൊണ്ട് നിറയുന്നത്, ആശുപത്രികളില്‍ വിഷവസ്തുക്കളടങ്ങിയ മാലിന്യ ശേഖരങ്ങള്‍ ആശുപത്രി വളപ്പില്‍ തന്നെ അഗ്‌നിക്കിരയാക്കുമ്പോള്‍ ഉണ്ടാകുന്ന ദുരവസ്ഥ, ഇതെല്ലാം ആരും കണ്ടില്ലെന്ന് നടിക്കരുത്.

ശിശുക്കളില്‍ തൊലിപ്പുറത്ത് ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസംമുട്ടല്‍, ഉദര രോഗങ്ങളെല്ലാം വിഷപുകയും മാലിന്യങ്ങളുടെ സാമിപ്യവുമല്ലെന്നു ആര്‍ക്ക് പറയാന്‍ കഴിയും. കൊച്ചിയിലെ മാലിന്യ കൂമ്പാരത്തിലെ തീപിടിത്തം മെഡിക്കല്‍ സര്‍വീസ് ഗോഡൗണുകളിലെ തുടരെ തുടരെയുള്ള അഗ്നിബാധ ഇവയിലൂടെ അന്തരീക്ഷത്തില്‍ ലയിക്കപ്പെടുന്ന വിഷപുക വരുത്തി വെയ്ക്കുന്ന ആപത്ത് നാം കാണണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വെറും നോക്കുകുത്തികളാകരുത്. വിനോദം, കച്ചവടം, കെട്ടിടം, പരസ്യം തുടങ്ങീ നാനാതുറകളിലൂടെ കോടിക്കണക്കിന് രൂപയുടെ വരവിന്റെ സ്രോതസുള്ള പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടുപിടിക്കുന്നതിലും സമൂഹമധ്യത്ത് കാണിച്ചു കൊടുക്കുന്നതിലും വൈമുഖ്യതപാടില്ല. കര്‍ശന നടപടികളിലൂടെ ഒരു അവബോധം പരിസ്ഥിതി പ്രശ്‌നത്തില്‍ ഉണ്ടാക്കിയെടുക്കണം.

തീഷ്ണതയോടെയുള്ള പരീക്ഷണങ്ങള്‍ക്ക് സമയം കളയാതെ സര്‍ക്കാരും ജനങ്ങളും അധികാരികളും ഒന്നായി ഒരു മഹാ വിപത്തില്‍ നിന്നും മാനവകുലത്തെ രക്ഷപ്പെടുത്താന്‍ ശക്തിയായി – ജാഗരൂകരായി യത്‌നിക്കാന്‍ തയ്യാറാകണമെന്ന പ്രതിജ്ഞ ലോക പരിസ്ഥിതി ദിനത്തില്‍ എടുക്കാം.

‘ നമ്മിലര്‍പ്പിതാം കടമ കാലാഹരണപ്പെടാതെ കാത്ത് സൂക്ഷിക്കുക
നാടിനും നാട്ടാര്‍ക്കും നല്‍കിടാം ഒരു ജന്മ സാഫല്യം.
വിശുദ്ധിയുള്ള സൗന്ദര്യമുള്ള നമ്മുടെ മുഖം പോലെ പെറ്റു വീണൊരു മണ്ണിനേയും
ദുരന്തങ്ങളില്ലാത്ത പകര്‍ച്ച വ്യാധികളില്ലാത്ത സുന്ദരമാം നാടാകണം നമ്മുടെ നാട് ‘

 

Share

Leave a Reply

Your email address will not be published. Required fields are marked *