ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാദാപുരത്തെ 18 വയസു മുതല്‍ 50 വയസ്സ് വരെയുള്ള വിധവകളുടെ ക്ഷേമത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി നാദാപുരം ടി.ഐ.എം.ബി.എഡ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് വിധവകളുടെ വിവരശേഖരണം വീടുകളില്‍ പോയി പ്രത്യേക ഫോറത്തില്‍ ശേഖരിച്ച് ലോക വിധവാ ദിനമായ ജൂണ്‍ 23ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതാണ്.
സര്‍വ്വേ ആരംഭിക്കുന്നതിന്റെ ഭാഗമായി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളായ എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനം ടി.ഐ.എം ബി.എഡ് കോളേജില്‍ വെച്ച് നടന്നു. പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ബാസ് കണയ്ക്കല്‍ അധ്യക്ഷതവഹിച്ചു, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സമഗ്ര വിധവാ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു, വിമന്‍ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ പ്രിന്‍സിയ ബാനു ബീഗം സര്‍വ്വേ ഫോറം പരിചയപ്പെടുത്തി, കോളേജ് സെക്രട്ടറി വി സി ഇക്ബാല്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഷെറിന് മോള് തോമസ് എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടി ടീച്ചര്‍മാരായ സവിത വത്സല എന്നിവര്‍ പങ്കെടുത്തു. നിലവില്‍ 100 വിധവകളുടെ പേര് വിവരം അംഗന്‍വാടി ടീച്ചര്‍ മുഖേന ശേഖരിച്ചിട്ടുണ്ട്.
സര്‍വ്വേയുമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രായപരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിധവകള്‍ സഹകരിക്കണമെന്ന് പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചു. വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് വൈദഗ്ദ്യ പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതാണ്. ഇതിനായി വിശദമായ പദ്ധതി രേഖ സര്‍ക്കാരിനും ,പ്ലാനിങ് ബോര്‍ഡിനും സമര്‍പ്പിക്കുന്നതാണ്. സര്‍വ്വേ ഉടന്‍ ആരംഭിക്കുന്നതാണ്.