ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാജോര്‍ജിന് തുറന്ന കത്തുമായി ഹര്‍ഷിന സമര സഹായസമിതി ചെയര്‍മാന്‍ ദിനേഷ് പെരുമണ്ണ.
കത്തിന്‍െ്‌റ പൂര്‍ണ്ണരൂപം
മാഡം,
വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം അകപ്പെട്ട് യാതനകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഹര്‍ഷിന കെ. കെ. നടത്തുന്ന രണ്ടാം ഘട്ട സമരം 14 ദിവസം പിന്നിടുകയാണ്. ഒന്നാം ഘട്ട സമരം 2023 മാര്‍ച്ച് 4 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ വച്ച് താങ്കള്‍ ഹര്‍ഷിനയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. ‘മുന്‍പ് ശസ്ത്രക്രിയ നടന്ന 2 ആശുപത്രികളും ആരോഗ്യ വകുപ്പിന് കീഴിലുള്ളതായതിനാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം തരാന്‍ ബാധ്യസ്ഥരാണെന്നും, കുറ്റക്കാരെ പുറത്ത് കൊണ്ടുവരുമെന്നും, 15 ദിവസത്തിനകം തീരുമാനം വരുമെന്നും’ ഉള്ള താങ്കളുടെ അന്നത്തെ ഉറപ്പ് നിര്‍ഭാഗ്യവശാല്‍ ലംഘിക്കപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ഒരുമാസമായിട്ടും നടപടിയൊന്നും വരാതായപ്പോള്‍ ഹര്‍ഷിന തുടര്‍സമരത്തിന് ഇറങ്ങുമെന്ന സാഹചര്യത്തില്‍ മന്ത്രി സഭായോഗത്തില്‍ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നഷ്ടപരിഹാരവും,ആഭ്യന്തര വകുപ്പിന്റെ കീഴില്‍ അന്വേഷണവും പ്രഖ്യാപിക്കുകയുണ്ടായി. 5 വര്‍ഷം ഹര്‍ഷിനയും അവരുടെ കുടുംബവും അനുഭവിച്ച ദുരിതങ്ങള്‍ക്കും, നഷ്ടങ്ങള്‍ക്കും, യാതനാജനകമായ ജീവിതത്തിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒരിക്കലും പര്യാപ്തമല്ലാത്തത് കൊണ്ട് അവര്‍ക്ക് അത് സ്വീകരിക്കാനാവാതെ തള്ളേണ്ടി വരികയാണുണ്ടായത്. തുടര്‍ന്നാണ് അര്‍ഹമായ നഷ്ട പരിഹാരവും കുറ്റക്കാര്‍ക്കെതിരെയുള്ള നടപടിയും ആവശ്യപ്പെട്ട് വീണ്ടും സമര സഹായസമിതിയുടെ സഹായത്തോടെ 2023 മെയ് 22 മുതല്‍ വീണ്ടും രണ്ടാംഘട്ട സത്യാഗ്രഹ സമരം ആരംഭിച്ചത്.
ആദ്യത്തെ 2 പ്രസവ ശസ്ത്രക്രിയകളും (2012 നവംബര്‍ 23, 2016 മാര്‍ച്ച് 15) താമരശ്ശേരി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ വച്ചും, മൂന്നാമത്തേത് 2017 നവംബര്‍ 30 ന് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചുമാണ് ഹര്‍ഷിനക്ക് നടത്തിയിരുന്നത്. മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയുടെ അനസ്‌തേഷ്യ മയക്കം വിട്ടതുമുതല്‍ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നെങ്കിലും സ്റ്റിച്ചിന്റെ വേദനയാണെന്നും മാറിക്കോളുമെന്നുമാണ് കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഹര്‍ഷിനയെ അറിയിച്ചത്. തുടര്‍ന്നിങ്ങോട്ട് വേദനയുമായി വിവിധ ആശുപത്രികള്‍ കയറിയിറങ്ങി, നിരവധി മരുന്നുകള്‍ കഴിച്ച് ഹര്‍ഷിന നരകയാതനയനുഭവിക്കുകയായിരുന്നു. നിരവധി തവണ വജൈന/യൂറിനല്‍ ഇന്‍ഫെക്ഷന്‍ വന്ന് ആശുപത്രികളില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. 2022 മാര്‍ച്ചോടെ വേദന അസഹ്യമാവുകയും, പഴുപ്പ് വരാന്‍ തുടങ്ങിയതോടെയും വേദനസംഹാരികളും ആന്റിബയോട്ടിക്കുകളുമില്ലാത്ത ഒരു ദിവസം പോലും ഹര്‍ഷിനക്കുണ്ടായിരുന്നില്ല. 6 മാസങ്ങള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലെ സി.ടി. സ്‌കാന്‍ പരിശോധനയില്‍ നിന്നുമാണ് ലോഹനിര്‍മ്മിതമായ വസ്തു മൂത്രസഞ്ചിയില്‍ തുളച്ച് കയറി നില്‍ക്കുകയാണെന്ന് അറിയാനായത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2022 സെപ്റ്റംബര്‍ 17 ന് നടത്തിയ ശസ്ത്രക്രിയിയിലൂടെയാണ് കത്രിക രൂപത്തിലുള്ള 12 സെ.മീ നീളവും 6.1 സെ.മീ വീതിയുമുള്ള മോസ്‌കിറ്റോ ആര്‍ട്ടറി ഫോര്‍സെപ്പ്‌സ് എന്ന സര്‍ജിക്കല്‍ ഇന്‍സ്ട്രുമെന്‍്റ് പുറത്തെടുത്തത്.
ആരോഗ്യ മേഖലയിലെ വീഴ്ചയുടെ ഇരയായി 5 വര്‍ഷം യാതന അനുഭവിച്ച ഹര്‍ഷിന എന്ന വീട്ടമ്മയായ യുവതിയുടെ നീതിതേടിയുള്ള സമരത്തിന് വനിതാ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രികൂടിയായ അങ്ങയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് സമരസഹായസമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ തുറന്ന കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു.