മാഹി: കേന്ദ്രഭരണപ്രദേശമായ മയ്യഴിയിലെ ഉള്‍നാടന്‍ ഗ്രാമമായ ചെമ്പ്രകുന്നിന്നോരത്തെ പുരാതനമായ അയ്യപ്പ ക്ഷേത്രവും പരിസരങ്ങളുമെല്ലാം നിബിഢ മരങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കാട്ടുപൂക്കളും, വല്ലി പടര്‍പ്പുകളും, ഹരിത മേലാപ്പുമെല്ലാം ചേര്‍ന്ന് പകലിനെ ഇരുട്ടാക്കുന്ന വനാന്തരീക്ഷം. ഇവിടെ ഇല്ലാത്ത ഔഷധ സസ്യങ്ങള്‍ വിരളം. അപൂര്‍വ്വങ്ങളായ പക്ഷികളുടേയും ഇഴജീവികളുടേയും ആവാസകേന്ദ്രം. പൗരാണികമായ ഈ ക്ഷേത്രാങ്കണം അതേപടി ഇന്നും സംരക്ഷിച്ചു വെച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊന്നും തന്നെ നിര്‍മ്മിക്കാതെ, പുരാതനമായ അതേ അവസ്ഥയില്‍ തന്നെ ഈ ക്ഷേത്രാങ്കണം നിലനിര്‍ത്തുന്നത് മൂലം ചരിത്രാന്വേഷികള്‍ക്കും, പ്രകൃതി സ്‌നേഹികള്‍ക്കും ഇവിടം തീര്‍ത്ഥാടനാനുഭൂതി പകരുന്നു. ആയിരത്തി ഒരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വാണ ഇന്തേശ്വരന്‍ കോതയുടെ ഭരണകാലത്ത്‌നിര്‍മ്മിക്കപ്പെട്ട തൊട്ടടുത്തുള്ള ചെമ്പ്ര ശ്രീസുബ്രഹ്‌മണ്യ ക്ഷേത്രവുമായി പൊക്കിള്‍ക്കൊടി ബന്ധമാണ് അയ്യപ്പന്‍ കാവിനുള്ളത്. അടുത്ത കാലം വരെ ചിറക്കല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ക്ഷേത്രം.