തൃശ്ശൂര്‍: അമ്മ വേഷങ്ങള്‍ കൊണ്ട് നിറഞ്ഞ് നിന്ന് രണ്ടാം ദിവസത്തിലെ ആദ്യ മത്സരയിനമായ പ്രച്ഛന്നവേഷ മത്സരത്തില്‍ ഗാര്‍ഹിക പീഡനത്താല്‍ തന്റെ കുഞ്ഞിനെ കാണാന്‍ പോലും ബുദ്ധിമുട്ടുന്ന അമ്മ, യുദ്ധഭൂമിയിലെ അമ്മ, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അമ്മ, നിറവയറോടെ റോഡില്‍ ജീവന്‍ നഷ്ടമായൊരമ്മ എന്നിങ്ങനെ വ്യത്യസ്ഥതയാര്‍ന്ന അമ്മ വേഷങ്ങളാലും പ്രച്ഛന്നവേഷ മത്സരം സദസ്സിന്റെ കയ്യടി ഏറ്റു വാങ്ങി.
സമൂഹം തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങളാണ് പ്രച്ഛന്നവേഷ മത്സരത്തില്‍ അരങ്ങേറിയത്. 14 ജില്ലകളില്‍ നിന്നുമായി 14 പേരാണ് മത്സരത്തിന്റെ ഭാഗമായത്. മത്സരത്തില്‍ പങ്കെടുത്ത 14 പേരും ഒന്നിനൊന്നു മികച്ചു നിന്നുവെന്ന് വിധികര്‍ത്താക്കളായ ഇ.വി രാജഗോപാല്‍, മനോജ് നാരായണന്‍, പി.ടി മനോജ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
മത്സരത്തിന്റെ ഫലം ഇ.വി രാജഗോപാലന്‍ പ്രഖ്യാപിച്ചു. പഴയകാലത്തെ കുട്ടനെയ്ത്തിനെ ഓര്‍മ്മപ്പെടുത്തിയ രസിത, കോഴിക്കോട് ജില്ലയെ പ്രതിനിധാനം ചെയ്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. ഇന്ന് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാട്ടാന ആക്രമണത്തെ അവതരിപ്പിച്ച് ആലപ്പുഴ ജില്ലയിലെ പ്രിയ എം.സി രണ്ടാം സ്ഥാനം നേടിയെടുത്തപ്പോള്‍ വിശപ്പെന്ന വികാരത്തെ മുന്‍നിര്‍ത്തി കൊണ്ട് മലപ്പുറം സ്വദേശിനി സുനന്ദ. ഇ മൂന്നാം സ്ഥാനത്തിനും അര്‍ഹയായി.
പുതുതലമുറക്ക് ഒരു ഉപദേശമെന്നോളം പുതുയുഗത്വം എന്ന വിഷയത്തില്‍ ആരംഭിച്ച മത്സരത്തില്‍ തുടര്‍ന്നും ഒരുപാട് വിഷയങ്ങള്‍ ജനശ്രദ്ധ നേടിയെടുത്തു. ഭക്ഷണം പാഴാക്കുന്നതും, മാലിന്യം വലിച്ചെറിയുന്നതുമെല്ലാം ആസ്പദമാക്കി മത്സരാര്‍ഥികള്‍ വേഷമിട്ടു.