ചിട്ടിക്കമ്പനി പൂട്ടി സ്ഥലം വിട്ടു; ചിട്ടിക്കാര്‍ പെരുവഴിയില്‍

ചിട്ടിക്കമ്പനി പൂട്ടി സ്ഥലം വിട്ടു; ചിട്ടിക്കാര്‍ പെരുവഴിയില്‍

തലശ്ശേരി : ചിട്ടിക്കമ്പനി പൂട്ടി മുങ്ങിയ ഉടമകള്‍ക്കെതിരെ പൊലിസില്‍ പരാതികളുടെ പ്രവാഹം. ടി.സി. മുക്കില്‍ റെയില്‍വെ സ്റ്റേഷന്‍റോഡിലെ എ.ആര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനി ഉടമകളായ യോഹന്നാന്‍ മറ്റത്തില്‍, സജി സബാസ്റ്റ്യന്‍, ജോര്‍ജ് മുതിരക്കാലയില്‍ എന്നിവര്‍ക്കെതിരെ നാല് പരാതികളാണ് ഒറ്റദിവസമെത്തിയത്. പെരുന്താററില്‍ വാടിയില്‍ പീടികയിലെ മാധവില്‍ ബീനാ പ്രകാശ്, തിരുവങ്ങാട്ടെ ഉഷസില്‍ മനയത്ത് വിട്ടില്‍ ഉഷ എന്ന ലളിത, പൊന്ന്യം വെസ്റ്റ് പുല്യോടിയിലെ ശ്രീനിലയത്തില്‍ ഇ. മോഹനന്‍, എരഞ്ഞോളി പാലത്തിനടുത്ത ശിവദീപത്തില്‍ എ.എന്‍ മനോജ്, എന്നിവരുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 406,420, വകുപ്പ് ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

പരാതികള്‍ ഇനിയുമെത്തുമെന്നാണ് സൂചന. വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ധനകോടി ചിട്ടിക്കമ്പനി ആദ്യമെല്ലാം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്ത്രീകളടക്കം അഞ്ചിലേറെ ഏജന്റുമാര്‍ പണം പിരിക്കാന്‍ ഉണ്ടായിരുന്നു. നഗരത്തിലെ പല കടയുടമകളും അവിടങ്ങളിലെ ജീവനക്കാരും ചിട്ടിക്ക് ചേര്‍ന്നതോടെ ധനകോടി വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. മാനേജര്‍ ഉള്‍പെടെ അഞ്ച് പേരാണ് തലശ്ശേരി ടി.സി. മുക്കിലെ ഓഫീസ് നിയന്ത്രിച്ചത്.

സുല്‍ത്താന്‍ ബത്തേരിയാണ് ചിട്ടിക്കമ്പനിയുടെ ഹെഡ് ഓഫീസ്. ധനകോടിക്ക് കൂത്തുപറമ്പിലും മറ്റും ബ്രാഞ്ചുണ്ട്. ഇവിടെയും ചിട്ടിക്ക് ചേര്‍ന്നവര്‍ ഇപ്പോള്‍ പെരുവഴിയിലാണുള്ളത്. തലശ്ശേരി ബ്രാഞ്ചില്‍ കബളിപ്പിക്കപ്പെട്ടവര്‍ അനന്തര നടപടികള്‍ക്കായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഇക്കൂട്ടത്തില്‍ കിഴക്കേ പാലയാട്ടെ മാധവന്‍ കണ്ടി വീട്ടില്‍ കെ. ദിവ്യയാണ് ആദ്യം പരാതി നല്‍കിയത്. പുതിയ വീട് പണിയാനായി സ്വരൂപിച്ച പണമാണ് ദിവ്യക്ക് നഷ്ടപ്പെട്ടത്. യോഹന്നാന്‍ മറ്റത്തില്‍, സജി സെബാസ്റ്റ്യന്‍, ജോര്‍ജ് മുതിരക്കാലില്‍, സാലി യോഹന്നാന്‍ മറ്റത്തില്‍, സോണി ജേക്കബ്, ജിന്‍സി, അശ്വതി, നിധിന്‍ എന്നിവരാണ് ധന കോടിയുടെ ഡയറക്ടര്‍മാര്‍. ഇവരില്‍ ആരെയും ഇപ്പോള്‍ കാണാനില്ല. ഏജന്റുമാരും കൈമലര്‍ത്തുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *