ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതവും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അറിയിച്ചു. ട്രെയിനില്‍ യാത്ര ചെയ്തവരുടെ വിവരങ്ങള്‍ അറിയുന്നവര്‍ എത്രയും വേഗം ഹെല്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊത്തം മൂന്ന് ട്രെയിനുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ അപകടത്തില്‍ പെട്ടത്. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറോമണ്ഡല്‍ എക്സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ചരക്കുവണ്ടിയിലേക്ക് കോറോമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചു കയറിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
ഇന്നലെ വൈകിട്ട് നടന്ന ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. 1000 ലേറെ പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അപകടത്തെ പറ്റി അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രാജ്യത്ത് 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്സ്പ്രസ് എന്നിവയാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയ ട്രെയിനുകള്‍.