ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെയും റെയില്‍വേ മന്ത്രിയേയും വിമര്‍ശിച്ച് സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം. ട്വീറ്ററിലൂടെയായിരുന്നു വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ ശ്രദ്ധ ആഡംബര ട്രെയിനുകളില്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകളും പാളങ്ങളും തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. ആ അവഗണനയുടെ ഫലമാണ് ഒഡീഷയിലെ ട്രെയിന്‍ അപകടവും അവിടെ സംഭവിച്ച മരണങ്ങളും എന്നായിരുന്നു ബിനോയ് വിശ്വം ട്വീറ്റ് ചെയ്തത്.
Government concentrate only on luxury trains. Trains and tracks of common people are neglected.Orissa deaths are the result of it. Rail minister should resign.
— Binoy Viswam (@BinoyViswam1) June 2, 2023
ഇന്നലെ ഏഴ് മണിയോടെ നടന്ന ട്രെയിന്‍ അപകടത്തില്‍ 280 പേരാണ് മരണപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ദുരന്ത നിവാരണ സേന ഉള്‍പ്പെടെയുള്ളവര്‍ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. അപകടത്തെ തുടര്‍ന്ന് രാജ്യത്ത് 43 ട്രെയിനുകള്‍ റദ്ദാക്കി. 38 ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര എക്‌സ്പ്രസ്, കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസ് എന്നിവയാണ് കേരളത്തില്‍ നിന്നും റദ്ദാക്കിയ ട്രെയിനുകള്‍.