നാദാപുരം: ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്താക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നാദാപുരം ടൗണില്‍ ശുചീകരണം നടത്താന്‍ തീരുമാനിച്ചു. ഇതിനായി വ്യാപാരികളുടേയും ജനപ്രതിനിധികളുടേയും യോഗം ചേര്‍ന്നു. അഞ്ചിന് രാവിലെ ഏഴ് മുതല്‍ 10 വരെയാണ് ജനകീയ ശുചീകരണം നടത്തുക. മുഴുവന്‍ കച്ചവടക്കാരും കടകളടച്ച് ശുചീകരണത്തില്‍ പങ്കാളികളാകുന്നതിന് യോഗം തീരുമാനിച്ചു. നാദാപുരം ടൗണിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍- ജനപ്രതിനിധികള്‍, വ്യാപാരികള്‍, ഉദ്യോഗസ്ഥര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എന്നിവര്‍ ചേര്‍ന്നാണ് ശുചീകരിക്കുക.
ഓരോ കച്ചവടക്കാരനും അവരുടെ കടയും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേകമായി ശുചീകരണം നടത്തുകയും , പാഴ് വസ്സ്തുക്കള് ഹരിത കര്‍മസേനയ്ക്ക് കൈമാറുകയും ചെയ്യുന്നതാണ്. ആലോചനായോഗം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ മാലിന്യ മാര്‍ഗരേഖ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഖില, മര്യാട്ട് , സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.സി സുബൈര്‍, ജനിദ ഫിര്‍ദൗസ്, മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്, അബ്ബാസ് കണേക്കല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു , ഇക്ബാല്‍ ഏരത്ത്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.പി റീജ , കെ.സയ്യിദ്, സിദ്ദിഖ് കുപ്പേരി , ഹാരിസ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.