ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ബ്രിജ് ഭൂഷണിനെതിരേ ഗുസ്തി താരങ്ങള്‍ നടത്തിവരുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി എം.പി പ്രിതം മുണ്ടെ രംഗത്ത്. സമരത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതിനിടെയാണ് പിന്തുണയുമായി ബി.ജെ.പി എം.പിമാര്‍ രംഗത്തെത്തിയത്. ഹരിയാനയിലെ ബി.ജെ.പി എം.പി ബ്രിജേന്ദ്ര സിംഗ് പിന്തുണയുമായി നേരത്തെ രംഗത്തെത്തിയിരുന്നു.
ഒരു സ്ത്രീ ഇത്രയും ഗൗരവമുള്ള പരാതി പറയുമ്പോള്‍ അത് സത്യമാണെന്ന് സംശയലേശമന്യേ പരിഗണിക്കാമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. അത് ഏതെങ്കിലും സര്‍ക്കാരോ പാര്‍ട്ടിയോ ആകാം. പരാതി ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെങ്കില്‍ അത് ന്യായമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്, ആവശ്യമായ ശ്രദ്ധ നല്‍കണമെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ഗുസ്തി താരങ്ങള്‍ അവരുടെ മെഡലുകള്‍ ഗംഗയിലെറിയുന്നത് നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നായിരുന്നു ബ്രിജേന്ദ്ര സിംഗ് പറഞ്ഞത്.
നേരത്തെ, ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കൊപ്പം തന്നെയാണെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. സമരം രാഷ്ട്രീയവേദി ആക്കി മാറ്റില്ല എന്ന് താരങ്ങള്‍ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കള്‍ സമരവേദിയില്‍ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ഡല്‍ഹി പോലിസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികള്‍ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.