വാഷിംഗ്ടണ്‍: ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ അടിത്തട്ടിന് ഇളക്കം സംഭവിച്ചിരിക്കുന്ന ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. ചോദ്യങ്ങളെ നേരിടാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് കഴിയണമെന്നും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും പിടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
പ്രതിപക്ഷ ഐക്യ ശ്രമങ്ങളില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും. അടുത്ത മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ണാടക ആവര്‍ത്തിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കോണ്‍ഗ്രസ് നടത്തും. മോദി വീണ്ടും വരുമെന്ന പ്രചാരണത്തിനപ്പുറം വലിയ അത്ഭുതം നടക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ചെറുകിട വ്യവസായങ്ങളെ വളര്‍ത്തുകയാണ് ഇന്ത്യയില്‍ ചെയ്യേണ്ടത്. എന്നാല്‍ ഇതിനെ തകര്‍ക്കുകയാണ് ബിജെപി. യു.പി.എ കാലത്തെ വളര്‍ച്ച നിരക്ക് നിലവില്‍ ഇല്ല. മാനനഷ്ടക്കേസില്‍ ഇന്ത്യയില്‍ പരാമവധി ശിക്ഷ ലഭിക്കുന്ന വ്യക്തി താനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ കേസ് വഴി തന്നെ തകര്‍ക്കാമെന്നാണ് അവര്‍ കരുതിയത്. പക്ഷേ അത് നടന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി വിദേശ മണ്ണില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ ബി.ജെ,പി വിമര്‍ശനം ശക്തമാക്കുന്നുമുണ്ട്. ഇന്ത്യന്‍ സമ്പദ് രംഗത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു.
അമേരിക്ക സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി ഇന്ത്യയിലെ രാഷ്ട്രീയ – സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ഇവിടെ നടത്തുന്ന പ്രസംഗങ്ങളിലാണ് ബി.ജെ.പിക്ക് അതൃപ്തി. അതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ റഷ്യയോടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെ രാഹുല്‍ ഗാന്ധി പിന്തുണച്ചിരുന്നു. റഷ്യയോട് ഇന്ത്യക്ക് ഉള്ളത് അടുത്ത ബന്ധമാണെന്നും ചില കാര്യങ്ങളില്‍ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.