കോഴിക്കോട്: എസ്.ഐ.ഒയും പീപ്പിള്‍ ഫൗണ്ടേഷനും സംയുക്തമായി നിര്‍വഹിക്കുന്ന പുസ്തകപ്പച്ച പഠനോപകരണ സഹായത്തിന്റെ സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് പയ്യാനക്കല്‍ വെച്ച് നടന്ന പരിപാടിയില്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി എം.അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്ലാമി സൗത്ത് ഏരിയ പ്രസിഡന്റ് റസാഖ് മാത്തോട്ടത്തിന് പഠനോപകരണ പദ്ധതി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമെല്ലാമായി പിന്നോക്കമാക്കപ്പെട്ട തെരെഞ്ഞെടുത്ത 2000 വിദ്യാര്‍ഥികള്‍ക്കാണ് പുതിയ അധ്യായന വര്‍ഷത്തിലേക്ക് ആവശ്യമായ പഠനകിറ്റുകള്‍ നല്‍കിയത്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെയാണ് പരിപാടിക്ക് അധ്യക്ഷത നിര്‍വഹിച്ചത്.
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമെല്ലാമായി പിന്നോക്കമാക്കപ്പെടുന്ന സാമൂഹിക വ്യവസ്ഥക്കെതിരായ സമരത്തിന്റെ ഭാഗംകൂടിയായാണ് ഇത്തരം സേവന ഉദ്യമങ്ങളെ കാണേണ്ടതെന്നും അനീതിക്കും വിവേചനത്തിനുമെതിരായ സമരത്തോടൊപ്പം പിന്നോക്കമാക്കപ്പെടുന്ന വിദ്യാര്‍ഥികളെയും ജനങ്ങളെയും ചേര്‍ത്ത് പിടിച്ചാണ് നമുക്ക് മുന്നോട്ട് പോകാനുള്ളതെന്നും സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ പീപ്പിള്‍ ഫൗണ്ടേഷന്‍ കോഴിക്കോട് സിറ്റി കോ-ഓര്‍ഡിനേറ്റര്‍ നിഹാസ് നടക്കാവ് സ്വാഗതവും ജി.ഐ.ഒ സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ ആയിഷ ഗഫൂര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നവാഫ് പാറക്കടവ് എന്നിവര്‍ ആശംസയും നേര്‍ന്നു.