ഉത്തരമലബാര്‍ ഗാനാലാപന മത്സരം: ഷിജില്‍, അജിത്ത്, ഷാനിമ ജേതാക്കള്‍

ഉത്തരമലബാര്‍ ഗാനാലാപന മത്സരം: ഷിജില്‍, അജിത്ത്, ഷാനിമ ജേതാക്കള്‍

കാഞ്ഞങ്ങാട്: അനശ്വര കവികളായ വയലാര്‍ പി.ഭാസ്‌കരന്‍ ഒ.എന്‍.വി എന്നിവരുടെ ഓര്‍മകള്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ച് ത്രിമൂര്‍ത്തിസ്മൃതിഗീതങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ കാഞ്ഞങ്ങാട്ടെ കലാസാംസ്‌കാരിക കൂട്ടായ്മയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് ഒരുക്കിയ സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി.
ശ്രീഷ്മ ശങ്കറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഗാനാലാപനമത്സരം പ്രശസ്ത കവിയും പ്രഭാഷകനുമായ സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെ മഹത്തായ സന്ദേശം പകരുകയാണ് കലയുടെ ഉദാത്തമായ ധര്‍മമെന്ന് അദ്ദേഹം പറഞ്ഞു. ജനമനസുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കവികളായ വയലാര്‍ രാമവര്‍മ്മയും പി.ഭാസ്‌കരന്‍ മാഷും ഒ.എന്‍.വി കുറുപ്പും ഈ മഹത്തായ കലാധര്‍മ്മത്തിന്റെ നാമധേയത്തിലാണ് അനശ്വരരായത്. തങ്ങള്‍ ജീവിച്ച കാലത്തിന്റെ പ്രതി സ്പന്ദങ്ങളായിരുന്നു അവരുടെ കവിതകളും ഗാനങ്ങളും. മാനവികതയായിരുന്നു അവരുടെ മധുരമൂറുന്ന ഗാനങ്ങളുടെ കൊടിയടയാളമെന്നും വിനയചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിയേറ്റീവ് പ്രസിഡന്റ് ജബ്ബാര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്രകല അക്കാദമി ചെയര്‍മാനായി നിയമിതനായ സംഗീതരത്‌നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍, കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എ.എം.ശ്രീധരന്‍ എന്നിവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട് ആദരിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, പത്രാധിപന്‍മാരായ ബഷീര്‍ ആറങ്ങാടി, അരവിന്ദന്‍ മാണിക്കോത്ത്, മാനുവല്‍ കുറിച്ചിത്താനം, സംഘടനുടെ മുന്‍ പ്രസിഡന്റ് കെ.പി മോഹനന്‍, ക്രിയേറ്റീവ് എക്‌സിക്യൂട്ടിവ് അംഗം എ.ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇ.വി സുധാകരന്‍ സ്വാഗതവും ട്രഷറര്‍ സത്താര്‍ ആവിക്കര നന്ദിയും പറഞ്ഞു.

ചന്ദ്രകളഭം സീസണ്‍ ( 3 ) ഉത്തരമലബാര്‍ ഗാനാലാപന മത്സരത്തിന്റെ ഫൈനലില്‍ പതിനഞ്ച് മല്‍സരാര്‍ഥികളാണ് ഫൈനല്‍ മാറ്റുരച്ചത്. അതില്‍ നിന്നും അഞ്ച് പേരെ വീണ്ടും തെരഞ്ഞെടുത്തു. അവസാന റൗണ്ടിലെ വിധി നിര്‍ണയത്തില്‍ ഷിജില്‍ പയ്യന്നൂര്‍ ഒന്നാം സ്ഥാനവും അജിത്ത് കരിവെള്ളൂര്‍ രണ്ടാം സ്ഥാനവും ഷാനിമ പ്രകാശ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും മലബാര്‍ വാര്‍ത്ത പത്രാധിപര്‍ ബഷീര്‍ ആറങ്ങാടി, രാജീവ് ലാസര്‍ ഡ്രഗ്ഗ് വേള്‍ഡ്, സൗദി അബൂബക്കര്‍ എന്നിവര്‍ വിതരണം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *